തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ റിലീസ് വൈകാനുള്ള കാരണം വ്യക്തമാക്കി നിർമാതാവും കെവിൻ പ്രൊഡക്ഷൻസ് സ്ഥാപകനുമായ വെങ്കട്ട് കെ നാരായണ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആരാധകരുടെ ആശങ്കകളെ നിർമാതാവ് അഭിസംബോധന ചെയ്തത്.
സെൻസർ സെർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്ന് വെങ്കട്ട് കെ നാരായണ വ്യക്തമാക്കി. ചില നടപടിക്രമങ്ങൾ പാലിക്കാനുണ്ടെന്നും സിബിഎഫ്സിയുടെ അന്തിമ അനുമതി ലഭിച്ചാൽ ഉടൻ സിനിമ തിയേറ്ററുകളിലെത്തിക്കും എന്നും നിർമാതാവ് അറിയിച്ചു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും മുഖ്യമന്ത്രി പദവിയും സിനിമയുടെ ടൈറ്റിലിന് പുതിയൊരു മാനം നൽകിയതിനക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ടൈറ്റിൽ കാർഡിൽ 'ദളപതി വിജയ്' എന്നതിന് പകരം 'തമിഴ്‌നാട് മുഖ്യമന്ത്രി' എന്ന് മാറ്റണമെന്ന് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമ തുടങ്ങുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഒരു തരത്തിൽ നോക്കിയാൽ വിജയ് സാർ തമിഴ്‌നാട് മുഖ്യമന്ത്രിയായതും, യഥാർഥത്തിൽ തമിഴ്‌നാടിന്റെ 'ജനനായകൻ' ആയതും സന്തോഷമുള്ള കാര്യമാണ്. ഒരുപക്ഷേ അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം ഈ സിനിമ റിലീസ് ചെയ്യണമെന്നതാകും നിയോഗം," നിർമാതാവ് പറഞ്ഞു.
"ഒരു പുതിയ നേതൃത്വവും പുതിയ കാലഘട്ടവും ആരംഭിക്കുമെന്ന് ഞാൻ കരുതുന്നു... തമിഴ്‌നാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോൾ ഒരു 'ജന നായകൻ' ആയി മാറിയിരിക്കുകയാണ്," നിർമാതാവ് കൂട്ടിച്ചേർത്തു.
നേരത്തെ, ജനുവരി ഒൻപതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. ഇതെന്തുകൊണ്ടെന്നും നിർമാതാവ് വ്യക്തമാക്കി.
"2025 ഡിസംബറിലാണ് ഞങ്ങൾ സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. എക്സാമിനിങ് കമ്മിറ്റി സിനിമ കാണുകയും ചെയ്തു. അവർ സിനിമ ക്ലിയർ ചെയ്യുകയും യുഎ 16+ സർട്ടിഫിക്കേഷൻ ലഭിക്കുമെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരിക്കെ, സിനിമയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച് റിവിഷൻ കമ്മിറ്റിക്ക് വിടുകയാണെന്നും അറിയിച്ചുകൊണ്ടുള്ള ഇമെയിൽ ആണ് ഞങ്ങൾക്ക് ലഭിച്ചത്. അപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. സിനിമ റിലീസ് ചെയ്തിട്ടുപോലുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഒരു പരാതി വരിക എന്നാണ് ഞങ്ങൾ ചോദിച്ചത്," ," വെങ്കിട്ട് കെ നാരായണ പറഞ്ഞു. എക്സാമിനിങ് കമ്മിറ്റിക്കുള്ളിൽ നിന്ന് തന്നെയാണ് പരാതി വന്നതെന്ന റിപ്പോർട്ടുകൾ നടപടിക്രമങ്ങളെ കൂടുതൽ സങ്കീർണമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"തീരുമാനമെടുക്കാനുള്ള അന്തിമ അധികാരം ബോർഡിനായതുകൊണ്ട് പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ പരിഗണിക്കരുതെന്ന് വ്യക്തമാക്കുന്ന നിരവധി വിധിന്യായങ്ങളുണ്ട്. എന്നാൽ, നേരത്തെ സമ്മതം മൂളിയ എക്സാമിനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾ തന്നെയാണ് പരാതിക്കാരനെന്ന് കോടതിയിൽ നിന്നാണ് ഞങ്ങൾ അറിഞ്ഞത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് റിവിഷൻ കമ്മിറ്റിക്ക് മുന്നിൽ പോകേണ്ടി വന്നു. ഞങ്ങൾ ഉടൻ തന്നെ അതിനായി അപേക്ഷിച്ചു. അന്നുമുതൽ ആ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തിയേറ്റർ റിലീസിന് ആവശ്യമായ എല്ലാ ഔദ്യോഗിക കാര്യങ്ങളും പാലിക്കേണ്ടതുണ്ട്, അതിനാൽ ഞങ്ങൾ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്," എന്നാണ് നിർമാതാവിന്റെ വാക്കുകൾ.
വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ജനനായകൻ' തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണ ആണ് നിർമാണം.