സമാന്തയും പങ്കാളി രാജ് നിദിമോരുവും Source: Instagram / samantharuthprabhuoffl
ENTERTAINMENT

"സമാന്ത തകർത്തു!" നടിയെ ഞെട്ടിച്ച രാജിന്റെ ശബ്‌ദ സന്ദേശം

സമാന്തയും രാജും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു നടി സമാന്ത രൂത്ത് പ്രഭുവിന്റെയും സംവിധായകനും നിർമാതാവുമായ രാജ് നിദിമോരുവിന്റെയും വിവാഹം. അധികം ആളുകളെ പങ്കെടുപ്പിക്കാതെ ഏറെക്കുറേ രഹസ്യമായി ആയിരുന്നു ചടങ്ങുകൾ. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിന് ഉള്ളിലെ ലിംഗ ഭൈരവി ക്ഷേത്രമായിരുന്നു വേദി.

സമാന്തയും രാജും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും വിവാഹത്തിലേക്ക് നീങ്ങുകയാണെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. മുൻപ് ഗലാട്ട ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ രാജുമായുള്ള ബന്ധത്തെപ്പറ്റി സമാന്ത മനസുതുറന്നിരുന്നു. അതേ അഭിമുഖത്തിൽ സർപ്രൈസ് ആയി രാജിന്റെ ഒരു ഓഡിയോ നോട്ടും ഷോയുടെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു.

'സിറ്റാഡൽ: ഹണ്ണി ബണ്ണി' എന്ന ആമസോൺ പ്രൈം സീരീസിനു വേണ്ടി ഹിന്ദി പഠിച്ച സമാന്തയെ രാജ് പ്രശംസിക്കുന്നതായിരുന്നു ശബ്ദ സന്ദേശം. " അവർ ഒരു പുതിയ ഭാഷ പഠിച്ചു. ഒരു ഹിന്ദി പ്രൊജക്ടിൽ മനോഹരമായ പ്രകടനം കാഴ്ചവച്ചു. വളരെ പ്രയാസമാണത്. ശരിക്കും തകർത്തു. തീർത്തും പുതിയ ഒരു ഭാഷ പഠിക്കുകയെന്നത് അവിശ്വസനീയമാംവിധം വിചിത്രമാണ്," രാജ് ഓഡിയോ നോട്ടിൽ പറയുന്നു.

2024 മുതൽ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വർഷം ആദ്യം രാജിനൊപ്പമുള്ള ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു. ഇത് വളരെ പെട്ടെന്നാണ് വൈറലായത്. ഈ വർഷം ജീവിതത്തില്‍ നടത്തിയ ധീരമായ ചുവടുവെപ്പുകളെ കുറിച്ചായിരുന്നു ഈ പോസ്റ്റ്.

രാജ് ആൻഡ് ഡികെ കോംബോയിൽ ഇറങ്ങിയ ആമസോൺ പ്രൈമിന്റെ സീരീസ് ആയ 'ഫാമിലി മാൻ' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. രാജ് സീരീസിന്റെ ഷോ റണ്ണർമാരിൽ ഒരാളായിരുന്നു. സമാന്ത സീരസിലെ നെഗറ്റീവ് കഥാപാത്രവും. ഈ കഥാപാത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. പിന്നാലെ, രാജ് ആൻഡ് ഡികെയുടെ 'സിറ്റാഡൽ: ഹണ്ണി ബണ്ണി' എന്ന സീരീസിലും സമാന്ത കേന്ദ്ര കഥാപാത്രമായി എത്തി. ഫാമിലി മാൻ' സീരിസിന് ശേഷമാണ് രാജും സമാന്തയും തമ്മിൽ അടുക്കുന്നത്.

SCROLL FOR NEXT