രജനികാന്തിന് ഒപ്പം അനശ്വര രാജൻ Source: Instagram / anaswara.rajan
ENTERTAINMENT

"എവിടെയായിരുന്നു ഇത്ര നാൾ"; അനശ്വരയെ പ്രശംസിച്ച് രജനികാന്ത്, തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്ത് സൗന്ദര്യ

'വിത്ത് ലവ്' എന്ന ചിത്രത്തിലെ അനശ്വരയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് 'വിത്ത് ലവ്'. ഫെബ്രുവരി ആറിന് റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ അനശ്വരയുടെ പ്രകടനത്തെ കയ്യടികളോടെയാണ് തമിഴ് ചലച്ചിത്രപ്രേമികൾ ഏറ്റെടുക്കുന്നത്. അതിൽ സൂപ്പർ സ്റ്റാർ രജനികാന്തും ഉൾപ്പെടും. സിനിമ കണ്ട ശേഷം അനശ്വരയെ നേരിൽ കണ്ട രജനികാന്ത് പ്രശംസിക്കുകയും ചെയ്തു.

"എവിടെയായിരുന്നു ഇത്ര നാളും എന്നാണ് അനശ്വരയെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചത്. അത് തന്നെയാണ് എനിക്കും തോന്നിയത്. എവിടെയായിരുന്നു ഇത്രയും നാൾ. മികച്ച പ്രകടനമാണ് അനശ്വര ഈ സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്," 'വിത്ത് ലവ്' താങ്ക്സ് മീറ്റിൽ രജനിയുടെ വാക്കുകൾ ആവർത്തിച്ച സൗന്ദര്യ രജനികാന്ത് തമിഴ് സിനിമയിലേക്ക് അനശ്വരയെ സ്വാഗതം ചെയ്തു. വിത്ത് ലവ് നിർമാണ പങ്കാളിയാണ് സൗന്ദര്യ. രജനിയുമൊത്തുള്ള ചിത്രം പങ്കുവച്ച് ഈ സംഭാഷണത്തെപ്പറ്റി അനശ്വരയും സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

സിനിമയിലെത്തി ആദ്യമായി താൻ വിജയം അനുഭവിക്കുന്നത് 'വിത്ത് ലവ്' എന്ന ചിത്രത്തിലൂടെയാണെന്നും സൗന്ദര്യ രജനികാന്ത് പറഞ്ഞു - "പ്രീമിയർ ഷോ കഴിഞ്ഞ് ഞാൻ അച്ഛനെ കാണാൻ ചെന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ചിരിച്ചു. 'ഇതാണോ അച്ഛാ വിജയം' എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഏകദേശം 16-17 വർഷമായി ഞാൻ സിനിമയിൽ ജോലി ചെയ്യുന്നു. പക്ഷേ ഇതാദ്യമായാണ് ഞാൻ വിജയം അനുഭവിക്കുന്നത്."

സൗന്ദര്യ രജനികാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ചാണ് 'വിത്ത് ലവ്' നിർമിച്ചത്. 'ഗുഡ് നൈറ്റ്', 'ലവർ', 'ടൂറിസ്റ്റ് ഫാമിലി' എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമാണ കമ്പനിയാണ് എംആർപി എന്റർടെയ്‌ൻമെന്റ്.

രജനികാന്തിന് ഒപ്പം അനശ്വര രാജൻ

'ലവർ', 'ടൂറിസ്റ്റ് ഫാമിലി' എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകനാണ് സിനിമയിലെ നായകൻ അബിഷൻ. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിങ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി.

SCROLL FOR NEXT