Ramya Krishnan Says Marriage Is Overrated, Clarifies Why She and Krishna Vamsi Live in Different Cities News Malayalam 24x7
ENTERTAINMENT

'വിവാഹം ഓവറേറ്റഡ് വ്യവസ്ഥ, ഇപ്പോഴും 100 ശതമാനം വിവാഹിത, ഭര്‍ത്താവും ഞാനും രണ്ട് നഗരങ്ങളില്‍': തുറന്ന് പറഞ്ഞ് രമ്യ കൃഷ്ണൻ

മകന്റെ വിദ്യാഭ്യാസവും തന്റെ ഷൂട്ടിംഗ് തിരക്കുകളുമാണ് ഇരുവരും ചെന്നൈയിലും ഹൈദരാബാദിലുമായി മാറിത്താമസിക്കാൻ കാരണമായതെന്ന് രമ്യ കൃഷ്ണൻ വിശദീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സംവിധായകൻ കൃഷ്ണ വംശിയുമായുള്ള തന്റെ ദാമ്പത്യബന്ധത്തെക്കുറിച്ച് കാലങ്ങളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങൾക്ക് ശക്തമായ മറുപടിയുമായി തെന്നിന്ത്യൻ പ്രശസ്ത നടി രമ്യ കൃഷ്ണൻ. താനും കൃഷ്ണ വംശിയും ഇപ്പോഴും 100 ശതമാനം വിവാഹിതരാണെന്നും, എന്നാൽ സൗകര്യപ്രദമായി രണ്ട് വ്യത്യസ്ത നഗരങ്ങളിൽ അതീവ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും താരം വ്യക്തമാക്കി. 'റോ ടോക്സ് വിത്ത് വികെ' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരം തന്റെ കുടുംബജീവിതത്തെക്കുറിച്ചും വിവാഹമെന്ന വ്യവസ്ഥയെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ നടത്തിയത്. 2003-ൽ വിവാഹിതരായ ഇരുവർക്കും ഋത്വിക് വംശി എന്നൊരു മകനുണ്ട്.

മകന്റെ വിദ്യാഭ്യാസവും തന്റെ ഷൂട്ടിംഗ് തിരക്കുകളുമാണ് ഇരുവരും ചെന്നൈയിലും ഹൈദരാബാദിലുമായി മാറിത്താമസിക്കാൻ കാരണമായതെന്ന് രമ്യ കൃഷ്ണൻ വിശദീകരിച്ചു. മുൻപ് കുടുംബം ഹൈദരാബാദിലായിരുന്ന സമയത്ത് ഒരു ടിവി ഷോയുടെ ഷൂട്ടിംഗിനായി തനിക്ക് ഓരോ 15 ദിവസത്തിലും ചെന്നൈയിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു. ആ സമയത്ത് നടന്ന തെലങ്കാന സമരങ്ങളും സ്കൂളുകൾ അടച്ചിട്ടതും തനിക്കും മകനും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. താൻ നഗരം വിടുമ്പോഴെല്ലാം മകന് അസുഖം വരുന്നത് പതിവായതോടെയാണ് മകനെ ചെന്നൈയിലെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചതെന്ന് രമ്യ പറഞ്ഞു. അങ്ങനെയാണ് താൻ മകനൊപ്പം ചെന്നൈയിലും കൃഷ്ണ വംശി ഹൈദരാബാദിലുമായി കഴിയാൻ തുടങ്ങിയതെന്നും താരം വ്യക്തമാക്കി.

വിവാഹമെന്ന വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും രമ്യ കൃഷ്ണൻ പോഡ്‌കാസ്റ്റിൽ പങ്കുവെച്ചു. "ബന്ധങ്ങളിൽ വിവാഹം എന്നത് അമിതമായി കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വ്യവസ്ഥയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് അത്യാവശ്യമുള്ളപ്പോൾ മാത്രം മതി. സത്യത്തിൽ, എന്തിനാണ് വിവാഹം, നമുക്ക് ഒരുമിച്ച് ജീവിച്ചാൽ പോരേ എന്ന് വംശി അന്ന് ചോദിച്ചിരുന്നു. അന്ന് ഞാൻ അതിന് സമ്മതിക്കണമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ട്," രമ്യ ചിരിയോടെ പറഞ്ഞു. വിവാഹം കഴിയുമ്പോൾ അതിൽ കുടുംബങ്ങളും ചുറ്റുമുള്ള നിരവധി ആളുകളും ഉൾപ്പെടുന്നുവെന്നും, പങ്കാളിയുമായുള്ള ബന്ധത്തേക്കാൾ ചുറ്റുമുള്ളവരോട് മറുപടി പറയേണ്ട ബാധ്യതയായി അത് മാറുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. എന്നാൽ കൃഷ്ണ വംശിയുമായുള്ള തന്റെ ബന്ധം തികച്ചും സുന്ദരമാണെന്നും അത് എന്നും അങ്ങനെ തന്നെ തുടരുമെന്നും രമ്യ കൂട്ടിച്ചേർത്തു. 'ചന്ദ്രലേഖ', 'ശ്രീ ആഞ്ജനേയം', 'രംഗ മാർത്താണ്ഡ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

SCROLL FOR NEXT