'ആർആർആറി'ന് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ, ഒരു പ്രധാന വില്ലനായി റാണ ദഗുബതിയും ചിത്രത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇത്തരം ഊഹാപോഹങ്ങൾ തള്ളി നടൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.
താൻ ഒരിക്കലും ഈ സിനിമയുടെ ഭാഗമായിരുന്നില്ലെന്നും തന്നെ ആരും ഈ വേഷത്തിനായി സമീപിച്ചിട്ടില്ലെന്നും റാണ അറിയിച്ചു. "ഞാൻ ഈ സിനിമയുടെ ഭാഗമല്ല. ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അല്ല," എന്നാണ് ഒരു ന്യൂസ് പോർട്ടലിനോട് നടൻ പറഞ്ഞത്. 'ബാഹുബലി'ക്ക് ശേഷം നടൻ രാജമൗലിക്കൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്കാണ് ഇതോടെ അവസാനമായത്.
ടൈം ട്രാവൽ പ്രമേയമായി വരുന്ന 'വാരണാസി' 2027 ഏപ്രിൽ ഏഴിനാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. 'രുദ്ര' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഹേഷ് ബാബു അവതരിപ്പിക്കുന്നത്. നായിക 'മന്ദാകിനി' ആയിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയാണ് 'വാരണാസി'. 'കുംഭ' എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്.
കഴിഞ്ഞ വർഷം നവംബർ 15ന് ഹൈദരാബാദിൽ നടന്ന ബ്രഹ്‌മാണ്ഡ പരിപാടിയിലാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ടീസറും പുറത്തുവിട്ടിരുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ടീസർ നൽകിയ സൂചന. ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.
ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് 'വാരണാസി' നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.