സായ് പല്ലവി, രൺബീർ കപൂർ 
ENTERTAINMENT

"മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാനാകില്ല"; സായ്‌ പല്ലവിക്ക് സർപ്രൈസുമായി രൺബീർ കപൂർ

ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിൽ രൺബീർ രാമനായി എത്തുമ്പോൾ സീതയുടെ വേഷം അവതരിപ്പിക്കുന്നത് സായ് പല്ലവിയാണ്

Author : ന്യൂസ് ഡെസ്ക്

നടി സായ് പല്ലവിക്ക് സർപ്രൈസ് ആയി രൺബീർ കപൂറിന്റെ വീഡിയോ സന്ദേശം. തെലുങ്ക് ടോക്ക് ഷോയായ 'ജയമ്മു നിശ്ചയമുരാ സീസൺ 2'ൽ നടി അതിഥിയായി എത്തിയപ്പോഴാണ് സംഭവം. ഒക്ടോബർ 16ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രൊമോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിൽ രൺബീർ രാമനായി എത്തുമ്പോൾ സീതയുടെ വേഷം അവതരിപ്പിക്കുന്നത് സായ് പല്ലവിയാണ്. സീതയായി തനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാനാകില്ലെന്നാണ് വീഡിയോ സന്ദേശത്തിൽ രൺബീർ പറയുന്നത്. നടിയുടെ സത്യസന്ധതയാണ് തന്നെ ആകർഷിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

"സായ്, നിങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സത്യസന്ധതയാണ്. നിങ്ങളെപ്പോലെ ഒരാൾക്കൊപ്പം ഫ്രെയിം പങ്കിടാൻ ഭാഗ്യം ചെയ്തവരാണ് ഓരോ സഹപ്രവർത്തകരും. സീതയുടെ വേഷത്തിലേക്ക് മറ്റാരെയും എനിക്ക് ചിന്തിക്കാനാകില്ല. പ്രേക്ഷകർ നിങ്ങളെ തികച്ചും പുതിയൊരു രൂപത്തിൽ കാണാൻ പോകുന്നു," രൺബീറിന്റെ വാക്കുകൾ. തെലുങ്ക് ആരാധകർക്കായി നടൻ തെലുങ്കിലും സംസാരിച്ചു. "നിങ്ങളുടെ സ്നേഹത്തിന് നന്ദി" എന്നാണ് രൺബീർ തെലുങ്കിൽ പറഞ്ഞത്.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന 'രാമായണ'യുടെ ആദ്യ ഭാഗം 2026 നവംബർ അഞ്ചിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് 'രാമായണ'യുടെ വിഎഫ്ക്സിന് പിന്നിൽ.

ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT