ചെന്നൈ: ഇന്ത്യൻ സംഗീതത്തിലെ അതികായൻ ഇളയരാജയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റാപ്പർ വേടൻ. 'ഇസൈ അറക്കൻ' എന്ന ക്യാപ്ഷനോടെയാണ് ഇളയരാജയ്ക്ക് പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ വേടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇളയരാജയുടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സംഗീതത്തെക്കുറിച്ചും വരാനിരിക്കുന്ന ചില പ്രോജക്ടുകളെക്കുറിച്ചും ഇരുവരും സംസാരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇളയരാജയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം വന്നിട്ടുണ്ടെന്ന് വേടന്‍ വെളിപ്പെടുത്തിയിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ അത് നടക്കുമെന്നായിരുന്നു വേടന്‍ പറഞ്ഞത്.
ദളിത് പശ്ചാത്തലത്തിൽ നിന്ന് വന്ന് ഇന്ത്യൻ സംഗീത ലോകത്തിന്റെ നെറുകയിൽ എത്തിയ ഇളയരാജയുടെ സംഗീത യാത്ര തന്നെ പ്രചോദിപ്പിച്ചതായി പലപ്പോഴും വേടൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടിയാകണം 'ഇസൈ അറക്കൻ' എന്ന് റാപ്പർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ കൂടിക്കാഴ്ച രണ്ട് വ്യത്യസ്ത സംഗീത ധാരകളുടെ സംഗമമായാണ് ആരാധകർ കാണുന്നത്.
സോഷ്യൽ മീഡിയയിൽ വേടൻ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ 'വേടന്റെ വരികളിലും ശബ്ദത്തിലും ഇളയരാജയുടെ പാട്ട് കേൾക്കാൻ കാത്തിരിക്കുകയാണ്' എന്ന തരത്തിൽ നിരവധി കമന്റുകളാണ് വരുന്നത്.
തമിഴ് സംവിധായകൻ പാ. രഞ്ജിത്തിന്റെ 'നീലം കൾച്ചറൽ സെന്റർ' സംഘടിപ്പിക്കുന്ന അഞ്ചാമത് വാർഷിക 'മാർഗഴിയിൽ മക്കളിസൈ' പരിപാടിയിൽ പങ്കെടുക്കാനും പാടാനുമാണ് വേടൻ ചെന്നൈയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഇന്നാണ് ആരംഭിച്ചത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് 'മാർഗഴിയിൽ മക്കളിസൈ'യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിലെ വേടന്റെ സാന്നിധ്യം തമിഴ് റാപ്പ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
മാരി സെൽവരാജ് ഒരുക്കിയ 'ബൈസൺ കാലമാടൻ' എന്ന ചിത്രത്തിലെ വേടന്റെ 'റെക്ക റെക്ക' എന്ന ഗാനത്തിന് തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നിവാസ് കെ പ്രസന്ന ചിട്ടപ്പെടുത്തിയ ഈ ഗാനം തമിഴ് റാപ്പർ അറിവിന് ഒപ്പമാണ് വേടൻ പാടിയത്.