മുഖ്യമന്ത്രി വിജയ്‌‌ക്കൊപ്പം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും Source: Instagram / rashmika_mandanna
ENTERTAINMENT

"ഓർമവച്ച നാൾ മുതൽ ഫാൻ"; വിജയ്‌യെ നേരിൽ കണ്ട് രശ്മികയും വിജയ് ദേവരകൊണ്ടയും

'രണബാലി' സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇരുവരും ചെന്നൈയിലെത്തി വിജയ്‌യെ സന്ദർശിച്ചത്

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. വിവാഹ ശേഷം രശ്മികയും വിജയ്‌യും ഒന്നിച്ചഭിനയിച്ച 'രണബാലി' സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇരുവരും ചെന്നൈയിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിജയ് ദേവകൊണ്ട ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: "പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം വളരെ മനോഹരമായ സമയം ചെലവഴിക്കാൻ കഴിഞ്ഞു. തിരക്കിട്ട ദിവസത്തിന് ശേഷവും അദ്ദേഹം ഞങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും വിലയേറിയ കാര്യങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്തു. ഒറ്റ കൂടിക്കാഴ്ച കൊണ്ട് തന്നെ അദ്ദേഹം എന്റെ പ്രിയപ്പെട്ടയാളായി മാറി."

വിജയ് ആരാധിക കൂടിയായ രശ്മികയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കവച്ചു. ഒപ്പം മനോഹരമായ ഒരു കുറിപ്പും. "വളരെക്കാലത്തിനുശേഷം വിജയ് സാറിനെ കാണാൻ പോയി. ഓർമവച്ച നാൾ മുതൽ ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇന്ന് മുഖ്യമന്ത്രി പദവിയിലെത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ അവിശ്വസനീയമായ യാത്ര അത്ഭുതത്തോടെ നോക്കികാണുന്നു. എല്ലായ്‌പ്പോഴും എന്റെ സ്നേഹവും ആശംസകളും!, എന്നാണ് ചിത്രത്തിന് ഒപ്പം രശ്മിക കുറിച്ചത്.

അതേസമയം, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി' ഒക്ടോബർ 16ന് ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂവാണ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

SCROLL FOR NEXT