വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് തെലുങ്ക് സിനിമാലോകത്തെ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി.
ഫെബ്രുവരി 26 വ്യാഴാഴ്ച രാജസ്ഥാനിലെ ഉദയപൂരിലുള്ള 'ഐടിസി മെമെന്റോസ്' റിസോർട്ടിൽ വച്ചായിരുന്നു ഈ സ്വപ്നതുല്യമായ വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമമായിരുന്നു വിവാഹം. വ്യാഴാഴ്ച രാവിലെ 10:10ന് വിജയ്‌യുടെ കുടുംബ പാരമ്പര്യമനുസരിച്ച് തെലുങ്ക് ആചാരപ്രകാരമുള്ള വിവാഹം നടന്നു. വൈകുന്നേരം രശ്മികയുടെ ജന്മനാടായ കൂർഗിലെ (കൊടഗു) കൊടവ ആചാരപ്രകാരം രണ്ടാമത്തെ വിവാഹ ചടങ്ങും നടന്നു.
വിവാഹത്തിന് പിന്നാലെ രശ്മിക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് ആരാധകരുടെ ഹൃദയം കവർന്നു. "എന്റെ ഭർത്താവിനെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു - മിസ്റ്റർ വിജയ് ദേവരകൊണ്ട!" എന്ന് തുടങ്ങുന്ന കുറിപ്പിൽ, തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും തന്റെ വളർച്ചയിൽ താങ്ങായി നിന്നതും വിജയ് ആണെന്ന് രശ്മിക കുറിച്ചു.
"ആരും കാണുന്നില്ലെന്ന ഭാവത്തിൽ എന്നെ നൃത്തം ചെയ്യാൻ അനുവദിച്ചയാൾ.. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളാണ് ലോകത്തിലെ ഏറ്റവും നല്ല കാര്യമെന്ന് എനിക്ക് കാട്ടിത്തന്നയാൾ; സത്യം പറഞ്ഞാൽ, ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാൻ കഴിയും!" രശ്മിക കുറിച്ചു.
"എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ഞാൻ എന്റെ ഭാര്യയാക്കി" എന്നായിരുന്നു വിജയ് ദേവരകൊണ്ട തന്റെ സന്തോഷം പങ്കുവച്ച് കുറിച്ചത്. ജീവിതത്തിലെ ഓരോ നിമിഷവും രശ്മികയുടെ സാമീപ്യം താൻ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നും വിജയ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.
"എവിടെയായിരുന്നാലും ശരി, എനിക്ക് 'വീടിന്റെ' തണലും ശാന്തതയും അനുഭവിക്കാൻ അവളുടെ സാമീപ്യം ആവശ്യമായിരുന്നു," എന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.
'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തരംഗമായ ഈ ജോഡികൾ യഥാർഥ ജീവിതത്തിലും ഒന്നിച്ചതിന്റെ ആവേശത്തിലാണ് സിനിമാ ലോകം.