തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ് താര കുടുംബം. നയനിക റെഡ്ഡിയാണ് സിരീഷിന്റെ വധുവാകുന്നത്. മാർച്ച് ആറിന് നടക്കുന്ന വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം, ഹൈദരാബാദിലെ അല്ലു അർജുന്റെ വസതിയിൽ നടന്ന 'പെല്ലി കൊഡുകു' എന്ന ചടങ്ങിൽ അല്ലു കുടുംബത്തോടൊപ്പം നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പങ്കെടുത്തു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിവാഹ ശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യ ആഘോഷമാണിത്.
തെലുങ്ക് ആചാരപ്രകാരം വരന്റെ വീട്ടിൽ നടക്കുന്ന ചടങ്ങാണ് 'പെല്ലി കൊഡുകു'. വരന്റെ മഞ്ഞൾ സ്നാനത്തോടെ ആരംഭിക്കുന്ന ചടങ്ങ് ശുദ്ധീകരണത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കും രശ്മികയ്‌ക്കും പുറമേ നടൻ രാം ചരൺ, ഭാര്യ ഉപാസന കൊനിഡേല എന്നിവരും ചടങ്ങുകളുടെ ഭാഗമായി.
അല്ലു സിരീഷിന്റെ വിവാഹപൂർവ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുൻപായി രശ്മികയും വിജയ്‌യും തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടിയിരുന്നു. തുടർന്ന്, ആരാധകർക്ക് മധുരം വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്തു.
തിരുമല ക്ഷേത്രത്തിന് പുറമെ, വിവിധ നഗരങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളിലും മധുരപലഹാരങ്ങൾ വിതരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മഹബൂബ് നഗർ, കരീം നഗർ, ഡൽഹി, ചണ്ഡീഗഡ്, നോയിഡ, ഗാസിയാബാദ്, അഹമ്മദാബാദ്, ഭോപ്പാൽ, മുംബൈ, ജയ്പൂർ, വൈസാഗ്, വിജയവാഡ, പുട്ടപർത്തി, കൊച്ചി, മൈസൂർ, കുടക് , ബാംഗ്ലൂർ, കോയമ്പത്തൂർ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലാണ് മധുര വിതരണം നടന്നത്.
ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ചായിരുന്നു രശ്മികയുടെയും വിജയ്‌യുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാർച്ച് നാലിനാണ് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കായി വിരുന്ന് ഒരുക്കിയിരിക്കുന്നത്.