ഋഷിരാജ് സിംഗിന്റെ 'ആശാൻ' റിവ്യൂ 
ENTERTAINMENT

"ജ്യോതിറിനേയും ഇന്ദ്രൻസിനേയും പോലുള്ള നടന്മാരുണ്ടെങ്കിൽ മലയാള സിനിമ ഇനിയും ഉയരങ്ങളിൽ എത്തും": ഋഷിരാജ് സിംഗിന്റെ 'ആശാൻ' റിവ്യൂ

സിനിമയിൽ വലുതും ചെറുതുമായ എല്ലാ റോളുകളും എല്ലാവരും മികവുറ്റതാക്കിയെന്ന് ഋഷിരാജ് സിംഗ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോമോൻ ജ്യോതിർ, ഇന്ദ്രൻസ് എന്നിവരുടെ പ്രകടനങ്ങളെ കയ്യടികളോടെയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. ഇവർക്കൊപ്പം ഷോബി തിലകനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. ഷോബിയുടെ കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയെപ്പറ്റി വിശദമായി സംസാരിക്കുകയാണ് മുൻ ഡിജിപി ഋഷിരാജ് സിംഗ്.

ഋഷിരാജ് സിംഗിന്റെ 'ആശാൻ' റിവ്യൂ

ഒരു സിനിമ നിർമിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സിനിമയായി കാണിക്കുന്നത് ചെറിയ കാര്യമല്ല. വളരെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും ക്ഷമയോടെയും വിവിധ മേഖലകളുടെ ഏകോപിപ്പിക്കുമ്പോഴാണ് ഉത്തമ സിനിമ ഉണ്ടാകുന്നത്. പല ബുദ്ധിമുട്ടുകളും അപ്രതീക്ഷിതമായി നമ്മൾ അവിടെ നേരിടേണ്ടിവരും.

അങ്ങനെയൊരു കഥയാണ് 'ആശാൻ' പറയുന്നത്. കഥകളിപോലെയുള്ള പരമ്പരാഗതമായ കലാരൂപങ്ങൾ പണമില്ലാതെയും ആർക്കും താല്പര്യമില്ലാതെയും എങ്ങനെ നശിക്കുന്നുവെന്നും കൂടി കാട്ടിത്തരുന്ന സിനിമകൂടിയാണ് ആശാൻ.

കഥാസംഗ്രഹം രസകരമാണ്. ഒരുപാടു കുടുംബങ്ങൾ താമസിക്കുന്ന ഒരു പഴയ ബഹുനില കെട്ടിടമാണ് ലൊക്കേഷൻ. അവിടെ എല്ലാവരും സ്നേഹിക്കുന്ന ഒരാൾ. അതാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ആശാൻ എന്ന കഥാപാത്രം. ആശാനാണ് ആ ബിൽഡിങ്ങിലെ എല്ലാ കാര്യവും മുന്നോട്ടു കൊണ്ടുപോകുന്നത്. ആ ചെറിയ ലോകത്ത് റീലുകളിലും ഷോർട്ട്സുകളിലും തന്റെ അഭിനയമോഹം തളച്ചിടുന്ന ആശാന് സിനിമയിൽ അഭിനയിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട്.

അങ്ങനെയിരിക്കെയാണ് ആ കെട്ടിടം ഒരു സിനിമാ ഷൂട്ടിങ്ങിനായി തെരഞ്ഞെടുക്കുന്നത്. ആശാന് സിനിമയിൽ ഒരു റോൾ കൊടുക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് അന്തേവാസികളും ആശാനും അവിടെ ഷൂട്ടിങ് അനുവദിക്കുന്നത്.

അഭിനയ മോഹിയായ ആശാനിലൂടെയും സംവിധാന മോഹിയായ ആനന്ദനിലൂടെയും (ജോൺപോൾ ജ്യോതിർ) സിനിമാമേഖലയിലെ കിടമത്സരങ്ങളും പുതുമുഖങ്ങളോടുള്ള അവജ്ഞയും അവർ നേരിടേണ്ടിവരുന്ന പരിഹാസവും അപമാനവുമെല്ലാം ചർച്ചചെയ്യുന്നുണ്ട്. ഒപ്പം

നായകനടന്മാരുടെ പൊങ്ങച്ചവും ഡ്രഗ്‌സ് ഉപയോഗവും വൃത്തികേടുകളും! പണത്തിന്റെ പേരിലും ആഹാരത്തിന്റെ പേരിലും എന്തിന് മൂഡില്ലാത്തതിന്റെ പേരിലുമൊക്കെ ഷൂട്ടിങ് മാറ്റിവയ്പ്പിക്കുന്ന അഹംഭാവം മലയാളത്തിൽ കുറവാണെങ്കിലും മറ്റുപല ഭാഷാ സിനിമകളിലും ഇപ്പോഴും സർവ്വ സാധാരണമാണ്.

അത്തരമൊരു സാഹചര്യത്തിലുണ്ടാവുന്ന അപചയങ്ങളുടെ ഫലമാണ് ആശാനും ആനന്ദനും അനുഭവിക്കുന്നത്.

പുതുമുഖങ്ങളെ എല്ലാം കോമാളികളായി കാണുന്ന സിനിമാ ലോകത്തോട് ആശാൻ പറയുന്നുണ്ട് കോമഡിയും സെന്റിമെന്റ്സുമൊക്കെക്കഴിഞ്ഞ് ഇപ്പോൾ താൻ സീരിയസ് ആണെന്ന്. ഇന്ദ്രൻസിനല്ലാതെ ഏതൊരു നടനാണ് ഇക്കാര്യം പറയാനും അഭിനയിച്ചു പ്രതിഫലിപ്പിക്കാനും യോഗ്യതയുള്ളത്?

പ്രതീക്ഷയുടെ വെളിച്ചം തേടി നിശബ്ദനായിപ്പോയ കഥകളി നടന്റെ കഥ പറയുമ്പോൾ സിനിമയ്ക്കകത്ത് മറ്റൊരു സിനിമ രൂപം കൊള്ളുകയാണ്. മകളെ കടിച്ചു കീറിയ വന്യമൃഗത്തിന്റെ കുഞ്ഞുങ്ങൾക്കുമുന്നിൽ ആശാന്റെ പ്രതികാരം ഇല്ലാതാവുന്നു.

ഇന്ദ്രൻസിന്റെയും ജോമോൻ ജ്യോതിറിന്റെയും പകർന്നാട്ടങ്ങൾക്കു പുറമേ ഷോബി തിലകന്റെ സംവിധായകൻ എടുത്തു പറയേണ്ട കഥാപാത്രമാണ്. ബലം പിടിക്കുന്ന സംവിധായകർ പലപ്പോഴും പരാജിതരും അതുകൊണ്ടുതന്നെ സമ്മർദ്ദമനുഭവിക്കുന്നവരുമാണ്. അതിനെ അതിജീവിക്കാൻ അവരെടുത്തണിയുന്ന വികാരമാണ് ദേഷ്യം! അത് ഷോബി തിലകൻ ഗംഭീരമാക്കി.

വലുതും ചെറുതുമായ എല്ലാ റോളുകളും എല്ലാവരും മികവുറ്റതാക്കി. 'ഗപ്പിയും' 'അമ്പിളി'യും ഒരുക്കിയ ജോൺപോൾ ജോർജ്ജ് സമാന്തര അകലത്തിൽ നിന്നുകൊണ്ട് ആശാനിലെത്തുമ്പോൾ തിളക്കമേറുന്നുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥയും സംഗീതവും നന്നായിട്ടുണ്ട്. പാട്ടുകൾ സിനിമയെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം പ്രേക്ഷകന്റെ ആകാംക്ഷയെ മുൾമുനയിൽ നിർത്താൻ പോന്നതാണ് എങ്കിലും ഗാനങ്ങളിലെ ചില പദങ്ങൾ സഭ്യമല്ല എന്നു പറയേണ്ടിവരും! ഒരു തെറിപ്പദംപോലെയാണവ തോന്നുക. സംഗീതവും സാഹിത്യവും സഭ്യതയുടെ അതിർവരമ്പുകൾ വിടുന്നത് വരും തലമുറയോടുള്ള ക്രൂരതയാണ്. 'സൂര്യകാന്തീ.. സൂര്യകാന്തീ സ്വപ്നം കാണുവതാരെ' എന്നുതുടങ്ങി 'ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി' എന്നു പാടിയ വയലാറും 'നീ വരൂ കാവ്യദേവതേ' എന്നും 'അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നും പറയുന്ന ഒഎൻവിയുമൊക്കെ ജീവിച്ച മലയാള മണ്ണാണിതെന്ന് പുതിയ കവികൾ ഓർക്കേണ്ടതുണ്ട്

നല്ല കഥയും തിരക്കഥയുമുണ്ടെങ്കിൽ, ജോൺപോൾ ജോർജ്ജിനെപ്പോലെ ഒരു സംവിധായകനുമുണ്ടെങ്കിൽ ഒരു സിനിമ വിജയം നേടുമെന്ന് മലയാള സിനിമ വീണ്ടും തെളിയിക്കുകയാണ്. ജ്യോതിറിനെപ്പോലെയുള്ള പുതുമുഖ യുവാക്കളും ഇന്ദ്രൻസിനെപ്പോലെ ഒരു മഹാനടനുമുണ്ടെങ്കിൽ മലയാള സിനിമ ഇനിയും ഉയരങ്ങളിൽ എത്തുമെന്നും ഉറപ്പാണ്. അതിന് ഇത്തരം സിനിമകൾ എല്ലാവരും കുടുംബസമേതം കാണുകകൂടി വേണം!

SCROLL FOR NEXT