മാധവ് സുരേഷ്, സാജിത് യാഹിയ 
ENTERTAINMENT

"മാധവ് സുരേഷിന് കുറച്ച് സ്പേസ് കൊടുക്കൂ, പിന്തുണ നൽകൂ"; നടനെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് സാജിദ് യഹിയ

ഒരു യുവനടനെ ഇത്തരത്തിൽ എല്ലാ രീതിയിലും ടാർഗറ്റ് ചെയ്യുന്നത് ശരിയാണോയെന്നാണ് സാജിദിന്റെ ചോദ്യം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അങ്കം അട്ടഹാസം'. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥപറയുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ അത്ര നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. മാധവ് സുരേഷിന്റെ പ്രകടനത്തെ വിമർശിച്ച് ചില യൂട്യൂബ് റിവ്യൂകളും വന്നിരുന്നു. ഇപ്പോഴിതാ, സിനിമയിലെ മാധവിനെ പിന്തുണച്ച് സംവിധായകന്‍ സാജിദ് യഹിയ രംഗത്തെത്തിയിരിക്കുന്നു.

സാജിദ് യഹിയയുടെ പോസ്റ്റിന്റെ പൂർണരൂപം:

മാധവ് ബ്രോ, നിങ്ങളുടെ പുതിയ ചിത്രം 'അങ്കം അട്ടഹാസം' റിലീസായതിന് ശേഷം ഓൺലൈനിൽ നിറയെ നെഗറ്റീവ് വീഡിയോകളും ബഹളങ്ങളും കാണുന്നുണ്ട്. യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന പല മലയാളം സിനിമാ റിവ്യൂവേഴ്സും നിങ്ങളെ നിർത്താതെ വേട്ടയാടുന്നത് കാണാം. ഈ സിനിമ നല്ലതാണോ മോശമാണോ എന്ന് പറയാൻ ഞാൻ വരുന്നില്ല. സിനിമ എന്നത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്. പക്ഷേ എനിക്ക് ഒരുകാര്യം പറയാനുണ്ട് - മാധവിന് അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാൻ കുറച്ച് സമയം കൂടി നൽകൂ.

23 വയസ് മാത്രം പ്രായമുള്ള ഒരു യുവനടനെ ഇത്തരത്തിൽ എല്ലാ രീതിയിലും ടാർഗറ്റ് ചെയ്യുന്നത് ശരിയാണോ സുഹൃത്തുക്കളേ? സിനിമയോടും തന്റെ കരിയറിനോടും അത്രമേൽ അഭിനിവേശമുള്ള ഒരാളാണ് അദ്ദേഹം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, അദ്ദേഹം ഒറിജിനലായി പെരുമാറുന്നു എന്നതാണ്. ഈ ഇൻഡസ്ട്രിയിലെ പലരെയും പോലെ ഇന്റർവ്യൂകളിൽ അദ്ദേഹം 'അഭിനയിക്കാറില്ല'. വളരെ നിഷ്കളങ്കനായ, ജെന്യൂവിൻ ആയ ഒരു മനുഷ്യനായിട്ടാണ് അദ്ദേഹത്തെ തോന്നുന്നത്.

അദ്ദേഹത്തിന് കുറച്ച് സ്പേസ് കൊടുക്കൂ, പിന്തുണ നൽകൂ. അദ്ദേഹം വളരട്ടെ. പരാജയപ്പെടട്ടെ, അതിൽ നിന്ന് പഠിക്കട്ടെ, കൂടുതൽ കരുത്തോടെ തിരിച്ചുവരട്ടെ. എല്ലാ നല്ല നടന്മാരും ഉണ്ടായിട്ടുള്ളത് അങ്ങനെയാണ്. ആരും ഒറ്റരാത്രികൊണ്ട് ലെജൻഡ് ആകുന്നില്ല.

മാധവ് - ഈ ഊർജവും സത്യസന്ധതയും നിന്റെ ഉള്ളിലെ ആ കനലും എന്നും സൂക്ഷിക്കുക. സിനിമ എപ്പോഴും അതിനുള്ള ആളുകളെ കണ്ടെത്തും, യഥാർഥ വ്യക്തിത്വമുള്ളവർ എന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തും.

ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്‌ബൂൽ സൽമാൻ എന്നിവരാണ് 'അങ്കം അട്ടഹാസം' സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, രചന - സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ് - പ്രദീപ് ശങ്കർ.

SCROLL FOR NEXT