ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന്റെ ചാരിറ്റി ബേസ്ഡ് ഫാഷന്‍ ബ്രാന്‍ഡ് ആയ ബീയിങ് ഹ്യൂമന്‍ അടുത്തിടെ ഒരു പരസ്യം പുറത്തിറക്കിയിരുന്നു. ഖാന്‍ കുടുംബത്തിലെ എല്ലാം അംഗങ്ങളെയും കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു പരസ്യം. ബ്രാന്‍ഡിന്റെ 12ാം വാർഷിക ദിനമായ ഒക്ടോബർ 18ന് ഈ പരസ്യവും ചിത്രീകരണത്തിന് ഇടയില്‍ എടുത്ത ഫാമിലി ഫോട്ടോയും സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഹൃദയസ്പർശിയായ ഈ കുടുംബ മുഹൂർത്തം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റുകയാണ്.
ഫാമിലി ഫോട്ടോയില്‍, സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ തന്റെ ആദ്യ ഭാര്യ സൽമ ഖാനും ഇപ്പോഴത്തെ പങ്കാളിയായ മുതിർന്ന നടി ഹെലനുമൊപ്പമാണ് പോസ് ചെയ്യുന്നത്. പിതാവിന്റെ പിന്നിൽ ഒരു പുഞ്ചിരിയോടെ സൽമാൻ ഇരിക്കുന്നു. സൽമാന്റെ സഹോദരന്മാരായ അർബാസിനെയും സൊഹൈൽ ഖാനെയും ഫ്രെയിമിൽ കാണാം.
ഭാര്യക്കും ആദ്യ പങ്കാളിയായ മലൈക അറോറയില്‍ ജനിച്ച അർഹാന്‍ ഖാനും ഒപ്പമാണ് അർബാസ് ഖാന്‍ നില്‍ക്കുന്നത്. സൊഹൈൽ ഖാന്റെ മകൻ നിർവാൻ ഖാനും ഗ്രൂപ്പ് ഫോട്ടോയിലുണ്ട്. സൽമാൻ ഖാന്റെ സഹോദരിമാരായ അൽവിര ഖാൻ അഗ്നിഹോത്രി, ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ അതുൽ അഗ്നിഹോത്രി, ഇവരുടെ മക്കളായ അലിസെ, അയാൻ അഗ്നിഹോത്രി, അർപിത ഖാൻ, ഭർത്താവും നടനുമായ ആയുഷ് ശർമ എന്നിവരും ബിയിങ് ഹ്യൂമന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹൃദയ സ്പർശിയായ ഒരു കുറിപ്പിനൊപ്പമാണ് സല്‍മാന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. "12 വർഷങ്ങൾക്ക് മുമ്പ്, ബീയിങ് ഹ്യൂമൻ ക്ലോത്തിങ് ഒരു ലളിതമായ ചിന്തയോടെയാണ് ആരംഭിച്ചത്: എന്തെങ്കിലും നല്ലത് ചെയ്യുക, തിരികെ നൽകുക, പുഞ്ചിരികൾ പകരുക. ഇന്ന്, ഇത് ഒരു ബ്രാൻഡ് എന്നതിനേക്കാള്‍ വലുതാണ്. വളർന്നു കൊണ്ടിരിക്കുന്ന ഒരു കുടുംബമാണിത്. ഈ യാത്രയിൽ ഭാഗമായ എല്ലാവർക്കും നന്ദി. താങ്ക് യു ഫോർ ബീയിങ് ഹ്യൂമൻ." എന്നായിരുന്നു അടിക്കുറിപ്പ്.
1964ല്‍ ആണ് സലിം ഖാന്‍ സല്‍മയെ വിവാഹം കഴിക്കുന്നത്. 1981ല്‍ നടിയും നർത്തകിയുമായ ഹെലനെ സലിം പങ്കാളിയാക്കി. എന്നാല്‍ സല്‍മയുമായുള്ള വിവാഹബന്ധം വേർപെടുത്തിയില്ല. അന്നു മുതല്‍ ഒരു വലിയ കൂട്ടുകുടുംബമായാണ് ഇവർ കഴിയുന്നത്.