സമാന്താ റൂത്ത് പ്രഭു Source: X
ENTERTAINMENT

"വെല്ലുവിളിയായിരുന്നു, അതുവരെ ആരും ബോള്‍ഡ് റോള്‍ തന്നിട്ടില്ല"; 'ഊ അണ്ടവ' ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സമാന്ത

താന്‍ വളർന്നു വന്ന ചുറ്റുപാടുകളെപ്പറ്റിയും സമാന്ത സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്

മുംബൈ: നടി എന്ന നിലയില്‍ തന്നെ പരുവപ്പെടുത്തിയ തെരഞ്ഞെടുപ്പുകളെപ്പറ്റി മനസുതുറന്ന് സമാന്ത റൂത്ത് പ്രഭു. ഏറെ ചർച്ചകള്‍ക്ക് കാരണമായ അല്ലു അർജുന്റെ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിലെ 'ഊ അണ്ടവ' എന്ന ഡാന്‍സ് നമ്പർ ചെയ്യാനുള്ള കാരണവും നടി വെളിപ്പെടുത്തി. എന്‍ഡിടിവി സമ്മിറ്റ് 2025ലെ 'ഒഥന്റിസിറ്റി: ദ ന്യൂ ഫെയിം' എന്ന ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ഇമേജ് ഉണ്ടാക്കുന്നതില്‍ ഉപരിയായി സ്വയം വെല്ലുവിളിക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് താന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്ന് സമാന്ത പറഞ്ഞു. ഉള്ളിലെ കൗതുകമാണ് ഇതിന് കാരണമായി നടി എടുത്തുകാട്ടുന്നത്. 'പുഷ്പ'യിലെ ഡാന്‍സ് നമ്പർ ചെയ്യാന്‍ തീരുമാനിക്കുന്നതും അതിന്റെ ഭാഗമായാണ് എന്ന് സമാന്ത പറയുന്നു.

"ഒരു നടി എന്ന നിലയിൽ എനിക്ക് ഒരു പുതിയ ലെയർ നൽകുന്ന സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത്തരം സിനിമകള്‍ അത്ര എളുപ്പം വന്നുചേരില്ല. രാജി എന്ന കഥാപാത്രത്തെ അന്വേഷിച്ചു ഞാൻ പോയി. ഇതുവരെ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു അത്. എനിക്ക് അതിന് കഴിയുമോ എന്ന് നോക്കാൻ വേണ്ടിയാണ് ഞാൻ ഊ അണ്ടവ ചെയ്തത്. അത് ഞാൻ സ്വയം നൽകിയ ഒരു വെല്ലുവിളിയായിരുന്നു," സമാന്ത പറഞ്ഞു.

'ഊ അണ്ടവ' ചെയ്യാനുള്ള കാരണം ഏതെങ്കിലും സ്ട്രാറ്റജിയുടെ ഭാഗമായിരുന്നില്ല. അത് വ്യക്തിപരമാണ്. തന്റെ പരിധികള്‍ പരീക്ഷിക്കാനുള്ള മാർഗമായിട്ടാണ് ആ ഡാന്‍സ് നമ്പർ ചെയ്തതെന്നും നടി പറഞ്ഞു. "ഞാന്‍ സുന്ദരി ആണെന്ന് കരുതുന്നില്ല. അതുവരെ ആരും എനിക്ക് ഒരു ബോള്‍ഡ് റോള്‍ തന്നിട്ടില്ല. ഒറ്റ തവണ മാത്രം ലഭിക്കുന്ന ഒന്നാണത്. എനിക്ക് അത് ചെയ്യാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ ഊ അണ്ടവ ചെയ്തത്," സമാന്ത പറഞ്ഞു.

താന്‍ വളർന്നു വന്ന ചുറ്റുപാടുകളെപ്പറ്റിയും നടി സംസാരിച്ചു. "എനിക്ക് ഒന്നുമില്ലായിരുന്നു. ഒരു എളിയ പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ വന്നത്. ഭക്ഷണത്തിന് പോലും എന്റെ കുടുംബം പാടുപെട്ടിരുന്നു. പേര്, പ്രശസ്തി, പണം, കൈയ്യടി എന്നിവ കിട്ടുമ്പോള്‍ ഇതുകൊണ്ടൊക്കെ എന്താ ചെയ്യുക എന്ന് എനിക്ക് അറിയില്ലായിരുന്നു," സമാന്ത പറഞ്ഞു. ഈ ആശയക്കുഴപ്പമാണ് വിജയത്തെ എങ്ങനെ നോക്കിക്കാണണമെന്ന് തന്നെ പഠിപ്പിച്ചതെന്നും നടി കൂട്ടിച്ചേർത്തു.

SCROLL FOR NEXT