ENTERTAINMENT

ആക്ഷേപ ഹാസ്യമല്ല, ഇത് പരിഹാസം; ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ സമീര്‍ വാങ്കഡെ

ലഹരി വിരുദ്ധ ഏജന്‍സികളെ തെറ്റായാണ് സീരിസില്‍ കാണിച്ചിരിക്കുന്നതെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസിനെതിരെ മുന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ ആക്ഷേപഹാസ്യത്തിന്റെ പേരില്‍ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

വാങ്കഡെ മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലറ്റിക്‌സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് ആണ്. ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. ലഹരി വിരുദ്ധ ഏജന്‍സികളെ തെറ്റായാണ് സീരിസില്‍ കാണിച്ചിരിക്കുന്നതെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.

ഈ വിഷയത്തിന്റെ പേരില്‍ വിദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ തന്റെ കുടുംബത്തെ വരെ ട്രോളുന്ന സാഹചര്യമുണ്ടായെന്നും അതുകൊണ്ട് അവരുടെ അഭിമാനത്തിന് കൂടി ക്ഷതമേല്‍ക്കുന്ന സാഹചര്യമുണ്ടായതിനാലാണ് താന്‍ കോടതിയെ സമീപിച്ചതെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.

'രണ്ടാമതായി എന്റെ യൂണിഫോമിനോടും ഏജന്‍സികളോടുമുള്ള അഭിമാനം സംരക്ഷിക്കുന്നതിനായാണ് ഞാന്‍ പോരാടുന്നത്. പുറമെ ദേശീയ ചിഹ്നത്തിന്റെ അഭിമാനം സരക്ഷിക്കുന്നതിനായും കൂടിയാണ് ഞാന്‍ പോരാടുന്നത്. സത്യമേവ ജയതേ എന്നതിനെ പരിഹസിക്കാനാവുന്ന ഒന്നല്ല. കാലമെത്രയെടുത്താലും 'നിയമ യുദ്ധത്തില്‍' പോരാടും. കാരണം താന്‍ തന്റെ കുടുംബത്തിന് വേണ്ടി കൂടിയാണ് താന്‍ പോരാടുന്നത്. ഞാന്‍ ജുഡീഷ്യറിയില്‍ വിശ്വസിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമാണ് ബാഡ്‌സ് ഓഫ് ബോളിവുഡ്. ഗൗരി ഖാന്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. താരങ്ങള്‍, താരങ്ങളുടെ പിറവി, സിനിമാ മേഖലയിലെ കഥകള്‍, ആഘോഷങ്ങള്‍, റൂമറുകള്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്നിങ്ങനെ ആക്ഷേപ ഹാസ്യമാണ് സീരീസ് പറഞ്ഞുവെക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരീസില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മുന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

SCROLL FOR NEXT