കൊച്ചി: സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ചെന്നൈ റോയപ്പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ റിവ്യൂ പറഞ്ഞാണ് സത്യേന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. ചലച്ചിത്ര മേളകളിലും നാടകോത്സവങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യേന്ദ്രയെപ്പറ്റിയുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ.
കലയുടെ ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങളിലൊക്കെ ഒരു ബാഗും തൂക്കി ചിരിച്ച മുഖത്തോടെ ഈ മനുഷ്യനെ കാണാം. 2022 ജാനുവരി ആറിന് ചെന്നെയിൽ പെൺ നടൻ അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ വേദിയിലേക്ക് ഓടി വന്ന് കെട്ടിപിടിച്ച് തമിഴിലും ഇംഗ്ലീഷിലും എന്തൊക്കെയോ പറഞ്ഞ് കെട്ടിപ്പിടിച്ച മനുഷ്യൻ - സത്യേന്ദ്ര.
ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് വിനയ് ഫോർട്ടിനെ നായകനാക്കി ഷെറി ഗോവിന്ദ് സംവിധാനം ചെയ്ത 'ഗോഡ്സേ' സിനിമയിലെ 'ഗോഡ്സേ' കഥാപാത്രം ചെയ്ത എന്നെ തിരിച്ചറിഞ്ഞതാണ്. (അധികം ആരും കാണാത്ത സിനിമ). സിനിമയും ,നാടകവുമാണ് ഇദ്ദേഹത്തിന്റെ ശ്വാസവും ഭക്ഷണവും. ഇതിനുവേണ്ടി എവിടെയും ചെല്ലും. ഇറ്റ്‌ഫോക്കിലെ എല്ലാ നാടകങ്ങളും കാണുന്ന, മുഖാമുഖം ഉൾപ്പെടെ എല്ലാത്തിലും പങ്കെടുക്കുന്ന, മൂർച്ഛയോടെ അഭിപ്രായം പറയുന്ന ഒരാൾ.
ഫിലിം ഫെസ്റ്റിവലിലും അതു തന്നെയായിരുന്ന രീതി. ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ഭാഷകൾ സ്വായത്തമാക്കിയ മനുഷ്യൻ കഴിഞ്ഞ ഐഎഫ്എഫ്കെയിൽ പോലും സിനിമ -നാടകം ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സംസാരിച്ച ചേട്ടൻ. ചിലർ അങ്ങനെയാ, കലയ്ക്ക് വേണ്ടി അലയും. ആരാലും തിരിച്ചറിയാതെ യാത്രയാവും. ആദരാഞ്ജലികൾ.