ENTERTAINMENT

മോഹൻലാലിനെ വച്ച് 'സന്ദേശം' പോലൊരു സിനിമ ചെയ്യാൻ ഞാനും ശ്രീനിയും ആലോചിച്ചിരുന്നു, ഇനിയതുണ്ടാകില്ല: സത്യൻ അന്തിക്കാട്

അസുഖ ബാധിതനെങ്കിലും ശ്രീനിവാസൻ ദൂരെയുണ്ടെന്ന വിശ്വാസവും ധൈര്യമായിരുന്നു, ആ ധൈര്യം ഇന്നത്തോടെ നഷ്ടമായെന്നും സത്യൻ അന്തിക്കാട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഹൻലാലിനെ നായകനാക്കി 'സന്ദേശം' പോലെയൊരു സിനിമ ചെയ്യാൻ ശ്രീനിവാസനും താനും ആലോചിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ അത്തരം ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നുവെന്നും ഇന് അത് നടക്കില്ലെന്നും സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം നടന്ന അനുസ്മരണസമ്മേളനത്തിൽ പറഞ്ഞു.

''സന്ദേശം പോലെ ഒരു സിനിമ ചെയ്യണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞിരുന്നു. ഞാനും ശ്രീനിയും അതിനെപ്പറ്റി ചിന്തിച്ചിരുന്നു. നിഷ്‌കളങ്കനായ വ്യക്തി ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയത്തെ കാണുന്ന കാഴ്ച സിനിമയാക്കണം എന്ന് ഞങ്ങൾ രണ്ടുപേരും ആലോചിച്ചിരുന്നു. മോഹൻലാലിനെ വച്ച് അത് ചെയ്യണമെന്നായിരുന്നു ആ​ഗ്രഹം. ഇനിയത് നടക്കില്ലെന്ന് ഉറപ്പാണ്.

ശ്രീനിവാസൻ നടനായിപ്പോയതുകൊണ്ട്, ശ്രീനിവാസൻ എന്ന എഴുത്തുകാരനെ വേണ്ടവിധത്തിൽ നമ്മൾ ആഘോഷിച്ചിട്ടില്ല. മികച്ച തിരക്കഥകൃത്തുക്കളുടെ പേര് പറയുന്ന കൂട്ടത്തിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തുന്നുവെന്ന് മാത്രമേയുള്ളൂ. നേരെമറിച്ച്, ശ്രീനിവാസൻ ഒരു എഴുത്തുകാരൻ മാത്രമായിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ തിരക്കഥകൾ ചർച്ച ചെയ്യപ്പെടുമായിരുന്നു. മനുഷ്യൻ സംസാരിക്കുന്ന ഭാഷയിൽ സംസാരിക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളുമുണ്ടാക്കാൻ വേറെയാരുമുണ്ടായിട്ടില്ല. ശൂന്യതയിൽനിന്നുപോലും ശ്രീനി നർമമുണ്ടാക്കും'', സത്യൻ അന്തിക്കാട് പറഞ്ഞു.

മലയാള സിനിമയെ നന്മയുടെ ഭാഗത്തേക്ക് വഴിതിരിച്ചുവിട്ട എഴുത്തുകാരനാണ് ശ്രീനിവാസൻ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. എഴുത്തുകാരൻ എന്ന രീതിയിൽ ശ്രീനിയെ ഇനിയായിരിക്കും നമ്മൾ തിരിച്ചറിയാൻ പോവുന്നത്. ഒരാൾ വേർപിരിയുമ്പോഴാണ് നമ്മൾ അയാളുടെ പ്രസക്തി തിരിച്ചറിയുന്നത്. ശ്രീനിവാസനെ നമ്മൾ കൂടുതൽ വായിക്കാനും തിരിച്ചറിയാനും പോകുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസനോളും പ്രതിഭ തെളിയിച്ച ഒരാളെ ഞാൻ മലയാള സിനിമയിൽ കണ്ടുമുട്ടിയിട്ടില്ല. അസുഖബാധിതനെങ്കിലും ശ്രീനിവാസൻ ദൂരെയുണ്ടെന്ന വിശ്വാസവും ധൈര്യമായിരുന്നു. ആ ധൈര്യം ഇന്നത്തോടെ നഷ്ടമായെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

SCROLL FOR NEXT