തെലുങ്ക് ഐക്കൺ സ്റ്റാർ അല്ലു അർജുനും അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'രാക്ക'യുടെ ഫസ്റ്റ് ലുക്കിനെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ എട്ടിനാണ് അറ്റ്‌ലി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായാണ് അല്ലുവിനെ പോസ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ലുക്ക് ആരാധകരുടെ ആവേശം വാനോളം ഉയർത്തിയിരിക്കുകയാണ്.
'രാക്ക' പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ബോളിവുഡിലേയും തെന്നിന്ത്യയിലേയും പ്രമുഖ താരങ്ങൾ അല്ലു അർജുന് ജന്മദിനാശംസകൾ നേർന്നത്.
"ജന്മദിനാശംസകൾ അല്ലു അർജുൻ... നിന്നെപ്പോലെ തന്നെ ഈ പോസ്റ്ററും വളരെ ആകർഷകവും അതിശയിപ്പിക്കുന്നതുമാണ്. നിങ്ങൾ ഒരുമിച്ച് എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല. അറ്റ്‌ലിയുടെ വാക്കുകളിൽ പറഞ്ഞാൽ ഈ അനുഭവം മാസ്... മാസ്... മാസ്!! (Mass masss massss!!) ആയിരിക്കും. 'രാക്ക' അതിഗംഭീരമായി തോന്നുന്നു. എല്ലാവിധ ആശംസകളും!," എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഷാരൂഖ് ഖാൻ എക്സിൽ കുറിച്ചത്.
ഷാരൂഖിന്റെ ആശംസകൾക്ക് അല്ലു അർജുൻ നന്ദി പറഞ്ഞു. "ഷാരൂഖ് സാർ... നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകൾക്ക് ഒത്തിരി നന്ദി. ഇത് തീർച്ചയായും എനിക്ക് വളരെ സവിശേഷമായ ഒന്നാണ് സർ. ഞങ്ങളുടെ പ്രയത്നത്തിലൂടെ നിങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സ്നേഹവും ബഹുമാനവും," എന്നാണ് നടൻ മറുപടിയായി കുറിച്ചത്.
സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്റർടെയ്നകളിൽ ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്ട് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
നാല് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക.