സല്‍മാന്‍, ആമിർ, ഷാരൂഖ് എന്നിവർ ഉള്‍പ്പെടുന്ന 'ഖാന്‍ ത്രയം' സ്ക്രീനില്‍ ഒരുമിച്ച് എത്തുമോ? മള്‍ട്ടി സ്റ്റാർ ചിത്രങ്ങളും സിനിമാറ്റിക് യൂണിവേഴ്‌സുകളും തിയേറ്ററുകളില്‍ ആവേശമാകുന്ന കാലത്ത് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിച്ചേരലാണിത്. ഇക്കാര്യത്തില്‍ താരങ്ങള്‍ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.
റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ പങ്കെടുത്ത താരങ്ങള്‍ സ്റ്റാർഡം, പ്രശസ്തി എന്നീ കാര്യങ്ങളെപ്പറ്റി സംസാരിച്ചു. ഒപ്പം തങ്ങള്‍ സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നതിനെപ്പറ്റിയും. നർമത്തിന് പേരുകേട്ട സല്‍മാന്‍, 'താരപദവി' എന്ന ആശയത്തെ തന്നെ തള്ളിക്കളഞ്ഞു. തങ്ങൾ മൂന്ന് പേരും ഒരിക്കലും തങ്ങളെ 'താരങ്ങൾ' ആയി കണക്കാക്കിയിട്ടില്ലെന്ന് പറയുകയും ചെയ്തു.
"സല്‍മാന്‍ സ്റ്റാറാണ് അല്ലെങ്കില്‍ ആമിർ സൂപ്പർ ഡ്യൂപ്പർ സ്റ്റാറാണ് എന്നിങ്ങനെ ചില ജേണലിസ്റ്റുകള്‍ എഴുതിക്കാണാറുണ്ട്. പക്ഷേ ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങളും വീട്ടില്‍. സംവിധായകരും ഡിഒപിമാരം എഴുത്തുകാരും പ്രേക്ഷകരും ആണ് ഈ കാണുന്ന ഞങ്ങളെ ഉണ്ടാക്കിയത്. അവരാണ് ശരാശരി മനുഷ്യനായ എന്നെ നിങ്ങള്‍ സ്ക്രീനില്‍ കാണുന്ന ആളാക്കി മാറ്റിയത്," സല്‍മാന്‍ പറഞ്ഞു.
ഷാരൂഖിന്റെ അഭിപ്രായ പ്രകാരം, തങ്ങളുടെ താരപദവി എന്ന് പറയുന്നത് ആരാധകരുമായി പങ്കുവയ്ക്കുന്ന വൈകാരിക ബന്ധം കാരണം ഉണ്ടായിവന്ന ഒന്നാണ്. 'പ്രേക്ഷകരെ സേവിക്കുക' എന്നതാണ് തന്റെ കർമം എന്നും നടന്‍ കൂട്ടിച്ചേർത്തു. വിധിയും സമയവും തങ്ങളുടെ കരിയറിനെ എങ്ങനെ രൂപപ്പെടുത്തിയെന്നതിനെപ്പറ്റിയാണ് ആമിർ ഖാൻ സംസാരിച്ചത്.
ഈ സംഭാഷണത്തിന് ഇടയിലാണ് ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന വിഷയത്തിലേക്ക് ഷാരൂഖ് എത്തിയത്. മൂന്ന് ഖാന്‍മാരും ഒന്നിക്കുന്ന സിനിമ!
"ഞങ്ങള്‍ മൂവരും ഒരു പ്രോജക്റ്റിൽ ഒന്നിക്കുക എന്നത് സ്വപ്നതുല്യമാണ്. അതൊരു ദുഃസ്വപ്നമാകില്ലെന്ന് പ്രതീക്ഷിക്കാം," ഷാരൂഖ് സ്വതസിദ്ധമായി ശൈലിയില്‍ പറഞ്ഞു. നല്ല അവസരവും കഥയും വരാനുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്നാണ് താരം പറഞ്ഞുവച്ചത്. എന്നാല്‍, അത്തരം ഒരു സിനിമയ്ക്ക് പണം മുടക്കാന്‍ തക്കവിധം പ്രാപ്തിയുള്ള ആരും ഉണ്ടാകില്ലെന്നും അതുകൊണ്ട് അങ്ങനെ ഒരു സിനിമയുണ്ടാകില്ലെന്ന് ഈ വേദിയില്‍ തുറന്നു സമ്മതിക്കണം എന്നും സല്‍മാന്‍ ഷാരൂഖിനോട് ആവശ്യപ്പെട്ടു. നർമം വിടാതെയായിരുന്നു നടന്റെ മറുപടി .
"സൗദിയില്‍ വച്ച് അങ്ങനെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എല്ലാവരും എഴുന്നേറ്റ് 'ഹബീബി ഞങ്ങള്‍ തയ്യാർ' എന്ന് പറഞ്ഞുകളയും. അഫോർഡബിലിറ്റി എന്നത് പണത്തിന്റെ കാര്യം മാത്രല്ല- സമയം, ജോലി ചെയ്യുന്ന രീതി എല്ലാം അതില്‍ ഉള്‍പ്പെടും," ഷാരൂഖ് പറഞ്ഞു. ഒരു സിനിമയില്‍ ഒന്നിച്ചുവരാന്‍ വൈകാരികമായി തയ്യാറാണെന്നാണ് മൂവരും കരുതുന്നതെന്ന് ആമിർ ഖാനും പറഞ്ഞു. നല്ല തിരക്കഥയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും നടന്‍ വ്യക്തമാക്കി.