പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി ഗായകൻ അരിജിത് സിംഗ്.പുതിയ പാട്ടുകൾ പാടില്ലെന്ന് പ്രഖ്യാപനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരിജിത് സിംഗിൻ്റെ വിരമിക്കൽ പ്രഖ്യാപനം.
'എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിച്ച എൻ്റെ ശ്രോതാക്കൾക്ക് നന്ദി. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പാട്ടുകൾ ഒന്നും ഇനി പാടുന്നില്ല. ഞാൻ പിന്മാറുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു'എന്നാണ് അരിജിത് സിംഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
രാജ്യമെമ്പാടും നിരവധി ആരാധകരുള്ള ഗായകനാണ് അരിജിത് സിംഗ്. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ആരാധകരെയൊട്ടാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പലരും വാർത്ത അവിശ്വസനീയമാണെന്ന രീതിയിലാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഒരു ആരാധകൻ ഇതിന് മറുപടി നൽകിയത്. അദ്ദേഹമില്ലാതെ ബോളിവുഡ് സംഗീതം ശൂന്യമാണെന്നായിരുന്നു മറ്റൊരു ആരാധകൻ്റെ കമൻ്റ്.
ആഷിഖി 2, എ ദിൽ ഹേ മുഷ്കിൽ, ഹാഫ് ഗേൾഫ്രണ്ട് എന്നീ ചിത്രങ്ങളിലെയെല്ലാം ഗാനങ്ങൾ അരിജിതിന് ഇന്ത്യ മുഴുവൻ ആരാധകരെ നേടി കൊടുത്തിരുന്നു. രണ്ട് ദേശീയ അവാർഡുകൾക്കൊപ്പം 2025ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകിയും ആരാധിച്ചിരുന്നു.
അതേസമയം,തൻ്റെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.