പുഷ്പവതി പൊയ്പാടത്ത്, അടൂർ ഗോപാലകൃഷ്ണന്‍ Source : Facebook
ENTERTAINMENT

"അടൂരിന്റേത് ഒരു വിഭാഗത്തിന്റെ കണ്ടീഷന്‍ ചെയ്യപ്പെട്ട മനോനില"; അതു തിരുത്തപ്പെടേണ്ടതുണ്ടെന്ന് പുഷ്പവതി പൊയ്പാടത്ത്

ഇന്നലെ അടൂര്‍ വിവാദ പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ പുഷ്പവതി കോണ്‍ക്ലേവില്‍ വെച്ച് വിമര്‍ശനം അറിയിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

സിനിമാ കോണ്‍ക്ലേവിലെ വിവാദപരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതി പൊയ്പാടത്ത്. അടൂരിന്റേത് കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു മനോനിലയാണെന്നാണ് പുഷ്പവതി ന്യൂസ് മലയാളത്തോട് പ്രതികരിക്കവെ പറഞ്ഞത്. ഇന്നലെ അടൂര്‍ വിവാദ പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ പുഷ്പവതി കോണ്‍ക്ലേവില്‍ വെച്ച് വിമര്‍ശനം അറിയിച്ചിരുന്നു.

"ചില കാര്യങ്ങള്‍ നമ്മള്‍ പറയേണ്ട സമയത്ത് തന്നെ പറയണം. പറയാനുള്ള വിഷയങ്ങള്‍ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ നമ്മള്‍ വിഷമിക്കേണ്ടി വരും. പ്രത്യേകിച്ച് അത് എസ് സി - എസ് ടി വിഭാഗങ്ങളെ കുറിച്ച് പറഞ്ഞതുകൊണ്ടാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തില്‍ പെട്ട മനുഷ്യരുടെ സ്വപ്‌നങ്ങളാണ് സിനിമ നിര്‍മിക്കുക എന്നുള്ളത്. അവര്‍ക്ക് സാമ്പത്തികമായിട്ടുള്ള ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. അവരുടെ അപ്പന്‍ അപ്പൂപ്പന്മാരെല്ലാം അധ്വാനിച്ചത് കവര്‍ന്നെടുത്ത ഒരു വിഭാഗമുണ്ട് ഈ രാജ്യത്ത്. അതുകൊണ്ട് തന്നെ ഭൂമിയും സമ്പാദ്യവും ഇല്ലാത്തവരാണ് ഇവിടുത്തെ ദലിതരായിട്ടുള്ള മനുഷ്യര്‍. അങ്ങനെയുള്ള പാര്‍ശ്യവത്കരിക്കപ്പെട്ടിട്ടുള്ള സമൂഹത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്ന ഒരു സഹായം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് ചെയ്യുന്നത്. അതിനെതിരെ ഒരു പരാമര്‍ശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ടാണ് ഞാന്‍ പ്രതിഷേധിച്ചത്. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിരോധവുമില്ല ബഹുമാനമെയുള്ളൂ, പക്ഷെ നമ്മള്‍ ഇപ്പോഴും ആശയപരമായ വിയോജിപ്പുകളാണ് രേഖപ്പെടുത്തുന്നത്. വ്യക്തപരമല്ല ഇതൊന്നും", പുഷ്പവതി പറഞ്ഞു.

"ദലിത് സമൂഹത്തില്‍ നിന്ന് വരുന്ന സിനിമകള്‍ക്ക് ദലിതരുടെ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ പറ്റും. ഇവിടെ വളരെ വലിയ സംവിധായകരുണ്ട്. പക്ഷെ ദലിത് വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമകളും ഈ സമൂഹത്തില്‍ ഉണ്ടാകേണ്ടേ. ഓരോരുത്തരുടെയും കണ്ണുകളിലൂടെ കാണുന്ന കാഴ്ച്ചകള്‍ക്ക് വ്യത്യാസമുണ്ട്. ദലിത് സമൂഹത്തിലുള്ളവര്‍ കാണുന്ന ജീവിത പരിസരമായിരിക്കില്ല മറ്റുള്ളവര്‍ കാണുന്നത്. അടൂരിന്റേത് കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു മനോനിലയാണ്. ഇത് അദ്ദേഹത്തിന്റെ മാത്രം മനോനിലയല്ല. ഒരു വിഭാഗത്തിന്റെ മനോനിലയാണത്. അതു തിരുത്തപ്പെടേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ് ആ സന്ദര്‍ഭത്തില്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നത്. എന്റെ ഭാഗത്തു നിന്ന് എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണല്ലോ ഇത്ര വലിയ ചര്‍ച്ചയുണ്ടായത് തന്നെ", എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. സിനിമ നിര്‍മിക്കുന്നവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്നും അടൂര്‍ വിമര്‍ശിച്ചു.

SCROLL FOR NEXT