റിലീസ് കാത്തിരിക്കുന്ന വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ശിവകാർത്തികേയൻ. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ ആരാധകർ ഈ ചിത്രത്തിന്റെ റിലീസിനായി വലിയ കാത്തിരിപ്പിലായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ഓൺലൈനിൽ പ്രചരിച്ചത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നാണ് ശിവകാർത്തികേയന്റെ പ്രതികരണം.
"ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ ആവേശവും ചോരയും നീരും കൊണ്ട് നിർമിക്കപ്പെടുന്നതാണ്. ദയവായി വ്യാജപതിപ്പുകളെ പ്രോത്സാഹിപ്പിക്കരുത്. സിനിമാ റിലീസിനായി കാത്തിരിക്കുക, അത് തിയേറ്ററുകളിൽ തന്നെ കണ്ട് ആസ്വദിക്കുക. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകണം. കഴിവുകളെ ബഹുമാനിക്കുക. കഠിനാധ്വാനത്തെ ബഹുമാനിക്കുക. സിനിമാ വ്യവസായത്തെ ബഹുമാനിക്കുക," എന്നാണ് ശിവകാർത്തികേയൻ എക്സിൽ കുറിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ' ജനുവരി ഒൻപതിന് പൊങ്കലിന് എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി. ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവ്യൂ കമ്മിറ്റിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി. ഇതിനെ തുടർന്ന്, നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് വലിയ നിയമപോരാട്ടം തന്നെ നടത്തിയിരുന്നു. എന്നാൽ, റീലിസ് നീണ്ടതിനെ തുടർന്ന്, കോടതിയിലെ ഹർജി പിൻവലിച്ച് റിവ്യൂ കമ്മിറ്റിക്ക് മുൻപാകെ ചിത്രം സമർപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരായി. എന്നിട്ടും, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നടപടി പൂർത്തിയായില്ല. റീലീസ് അനിശ്ചിതത്വത്തിലായതോടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്നാണ് റിപ്പോർട്ടുകൾ.
ഈ പ്രതിസന്ധികൾക്കിടെയാണ് സിനിമയുടെ അഞ്ച് മിനുട്ടോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചത്. സിനിമയുടെ ടൈറ്റിൽ കാർഡ്, വിജയ്‌യുടെ ഇൻട്രൊഡക്ഷൻ സീൻ, ക്ലൈമാക്സ് എന്നിവ ഉൾപ്പെടെയാണ് ചോർന്നിരിക്കുന്നത്. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ വീഡിയോ ക്ലിപ്പുകളാണിവ എന്നാണ് സൂചന. സിനിമയുടെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള എച്ച്‌ഡി പ്രിന്റും ചോർന്നതായി റിപ്പോർട്ടുകളുണ്ട്.