തങ്ങൾക്കിടയിൽ കടുത്ത ഭിന്നതയാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ ശിവകാർത്തികേയനും സംവിധായകൻ വെങ്കട്ട് പ്രഭുവും. വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രം വൈകാൻ കാരണം 'ഒരു നടൻ' ആണെന്ന് അദ്ദേഹത്തിന്റെ പിതാവും മുതിർന്ന ഗാനരചയിതാവുമായി ഗംഗൈ അമരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം ശിവകാർത്തികേയനെക്കുറിച്ചാണെന്ന് ചിലർ നിഗമനത്തിലെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ പലതരം ഉഹാപോഹങ്ങളും ഉയർന്നുവന്നത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് വെങ്കട്ട് പ്രഭുവും ശിവകാർത്തികേയനും. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.
"എസ്.കെ എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണ്. ഒരുപാട് ഊഹാപോഹങ്ങളും വിവാദങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഒരു പിതാവ് എന്ന നിലയിൽ, മകന്റെ സിനിമ വൈകുമ്പോൾ നിരാശയുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ വിഷയത്തിലെ പൂർണമായ വിവരങ്ങൾ ഒരുപക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കാം. അതിൽ എനിക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താനും കഴിയില്ല.
ഞാൻ വളരെ ശാന്തനായ വ്യക്തിയാണ്. എന്റെ പ്രൊഫഷണൽ കാര്യങ്ങൾ അദ്ദേഹമുൾപ്പെടെ ആരുമായും ഞാൻ വിശദമായി സംസാരിക്കാറില്ല. വിവിധ കാരണങ്ങളാൽ ആ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. അത്രമാത്രം. മനസ്സിൽ യാതൊരുവിധ പരാതിയോ പരിഭവമോ ഇല്ല.
അനുയോജ്യമായ സമയവും നല്ലൊരു തിരക്കഥയും വരുകയാണെങ്കിൽ, എസ്.കെയോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ദയവായി ഇതിനെല്ലാം ഇവിടെയൊരു വിരാമമിടാം. ഞാൻ എന്റെ അടുത്ത സിനിമയുടെ തിരക്കുകളിലാണ്. എന്റെ പ്രിയ സഹോദരന്റെ അടുത്ത സിനിമ 'സെയ്യോന്' എല്ലാവിധ ആശംസകളും," വെങ്കട്ട് പ്രഭു എക്സിൽ കുറിച്ചു.
വെങ്കട് പ്രഭുവിന്റെ പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ടായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം. "സർ, നമ്മൾ ഒരു കുടുംബമാണ്. ഇതിനൊക്കെ പോയി താങ്കൾ ഇത്ര സീരിയസായി മറുപടി നൽകുന്നത് എന്തിനാണ്! താങ്കളുടെ ആശംസകൾക്ക് വളരെ വലിയ നന്ദി സർ. താങ്കളുടെ അടുത്ത പ്രോജക്ടിന് എന്റെ എല്ലാവിധ ആശംസകളും. സർ, ഞാൻ ഇത് മുൻപും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു - ഞാൻ എപ്പോഴും ഒരു വി.പി ഫാൻ ആയിരിക്കും. നിങ്ങളോടൊപ്പം ഉടൻ ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു, സർ." ശിവകാർത്തികേയൻ കുറിച്ചു.
വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദ ഗോട്ട്' (2014) എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ശിവകാർത്തികേയൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. നിലവിൽ 'സെയ്യോൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. നടന്റെ 27ാം ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ദേശീയ അവാർഡ് നേടിയ 'പാർക്കിങ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാംകുമാർ ബാലകൃഷ്ണനാണ് സംവിധാനം. ശിവകാർത്തികേയന്റെ 27ാം ചിത്രം വെങ്കട്ട് പ്രഭുവാണ് ഒരുക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.