രണ്‍ജി പണിക്കർ Source: X
ENTERTAINMENT

"മാർവലിന് മുന്‍പേ രണ്‍ജി പണിക്കർ ഈ ഫീല്‍ഡ് വിട്ടതാ"; ഏകലവ്യനിലെ 'സക്കീർ ഭായ്' സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രണ്‍ജി പണിക്കർ കഥാപാത്രങ്ങള്‍ക്ക് ഇടയില്‍ ഒരു 'കണക്ഷന്‍' കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മാസ് കൊമേഷ്യല്‍ സിനിമകള്‍ കൊണ്ട് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കർ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവർക്ക് സൂപ്പർ താര പ്രഭ നല്‍കിയ നിരവധി കഥാപാത്രങ്ങള്‍ രണ്‍ജി പണിക്കർ സമ്മാനിച്ചിട്ടുണ്ട്. ഈ സിനിമകളിലെ പഞ്ച് ഡയലോഗുകളും കഥാപാത്രങ്ങളുടെ ശരീരഭാഷയും അനുകരിക്കുന്ന നിരവധി സിനിമകള്‍ ഇന്നും ഇറങ്ങുന്നുണ്ട് എന്നതാണ് വസ്തുത.

എന്നാല്‍, തന്റെ കഥാപാത്രങ്ങള്‍ക്ക് ഇടയില്‍ ഒരു 'കണക്ഷന്‍' രണ്‍ജി പണിക്കർ വച്ചിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അത്തരത്തില്‍ ഒരു ബന്ധം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 'രണ്‍ജി പണിക്കർ സിനിമാറ്റിക് യൂണിവേഴ്സ്' എന്ന പേരിലാണ് ഇത് വിശദീകരിക്കുന്ന വീഡിയോസ് ഇപ്പോള്‍ ഇന്റർനെറ്റില്‍ പ്രചരിക്കുന്നത്.

രണ്‍ജി പണിക്കർ തിരക്കഥ എഴുതിയ മോഹന്‍ലാല്‍ ചിത്രം 'പ്രജ'യും സുരേഷ് ഗോപി ചിത്രം 'ഏകലവ്യനും' തമ്മില്‍ ബന്ധമുണ്ടെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. 1993ലാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഏകലവ്യന്‍' റിലീസ് ആകുന്നത്. ഈ സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ച 'മാധവന്‍ ഐപിഎസ്' എന്ന കഥാപാത്രം ഒരു ഘട്ടത്തില്‍ മുംബൈയിലെ ഒരു മുന്‍ ഡോണിന്റെ സഹായം തേടുന്നുണ്ട്. ഈ റിട്ടയേർഡ് ഡോണിന്റെ പേരും സിനിമയില്‍ പറയുന്നുണ്ട് - സക്കീർ ഹുസൈന്‍!

ഈ കഥാപാത്രം ആണ് 2001ല്‍ രണ്‍ജി പണിക്കർ എഴുതി ജോഷി സംവിധാനം ചെയ്ത 'പ്രജ' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് ആരാധകർ ഏറ്റെടുത്തതോടെ വീഡിയോ വൈറലായി. 'പ്രജ'ലെ സക്കീർ അലി ഹുസൈന്‍ അണ്ടർവേള്‍ഡ് വിട്ട് കേരളത്തില്‍ വന്ന് സ്വകാര്യ ജീവിതം നയിക്കുന്ന വ്യക്തിയാണ്. ഈ കണക്ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ച.

"മാർവലിന് മുന്‍പേ രണ്‍ജി അണ്ണൻ ഈ ഫീല്‍ഡ് വിട്ടതാണ്" എന്നാണ് ഈ വീഡിയോ കണ്ടവർ പറയുന്നത്. രഞ്ജി പണിക്കരുടെ മറ്റ് സിനിമകളിലെ ബ്രില്യന്‍സുകളും കണക്ഷനുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. ലോകേഷ് കനഗരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിനെ പരാമർശിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

SCROLL FOR NEXT