ആവേശം സിനിമ, അഖിൽ എൻആർഡി 
ENTERTAINMENT

'ആവേശം' സിനിമയിലെ അവസരം വേണ്ടെന്ന് വച്ചു, അറിവില്ലായ്മയായിരുന്നു: അഖിൽ എൻആർഡി

ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് 'ആവേശം'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് ചിത്രം 'ആവേശ'ത്തിൽ ലഭിച്ച വേഷം നഷ്ടപ്പെടുത്തിയതിലുള്ള നിരാശ പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി. ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. സിനിമയിലെ രംഗണ്ണനും പിള്ളേരും തിയേറ്ററുകളിൽ വലിയ ഓളമാണ് തീർത്തത്.

'ആവേശം' സിനിമയിൽ ഫഹദ് അവതരിപ്പിച്ച 'രംഗ' എന്ന കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന യുവാക്കൾക്കായി പുതുമുഖങ്ങളെ തേടുന്ന സമയത്താണ് അഖിലിന് ക്ഷണം ലഭിച്ചത്. എന്നാൽ, അറിവില്ലായ്മ കാരണം ആ വലിയ അവസരം വേണ്ടവിധം ഉപയോഗിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അഖിൽ പറയുന്നു. ഹിപ്സ്റ്റർ, മിഥുൻ രാജ് ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരാണ് ഈ വേഷം ചെയ്തത്. ഇവരുടെ പ്രകടനം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ തിയേറ്ററിൽ കണ്ടപ്പോൾ വലിയൊരു ചാൻസ് ആണല്ലോ താൻ വേണ്ടെന്ന് വച്ചത് എന്നോർത്ത് വിഷമം തോന്നിയെന്നും അഖിൽ വെളിപ്പെടുത്തി.

പിന്നീട് നിരവധി സംവിധായകർക്ക് മെസേജുകൾ അയച്ചു. ഒടുവിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വഴിയാണ് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിരം' എന്ന പുതിയ സിനിമയിൽ വേഷം ലഭിച്ചതെന്നും അഖിൽ കൂട്ടിച്ചേർത്തു. ജയറാം, കാളിദാസ് ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും. ജൂഡ് ആണ് ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രന് ഒപ്പം തിരക്കഥ തയ്യാറാക്കിയതും ജൂഡ് ആണ്.

'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആശകൾ ആയിരം'. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ്. 'ആശകൾ ആയിരം' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ്.

SCROLL FOR NEXT