സ്പാനിഷ് നടി ആഞ്ചല മൊളീന Source: Kerala State Chalachitra Academy
ENTERTAINMENT

"ബുനുവൽ ഗുരു, സംരക്ഷകൻ"; സിനിമാ ഓർമകളിൽ ആഞ്ചല മൊളീന

ബുനുവൽ, അൽമോദോവർ തുടങ്ങിയ മഹത്തായ സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ച് മൊളീന

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രശസ്ത സ്പാനിഷ് നടിയും 30ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറിയുമായ ആഞ്ചല മൊളീന സിനിമയിലൂടെയുള്ള തന്റെ അര നൂറ്റാണ്ടിലേറെ നീണ്ട യാത്രയുടെ ഹൃദയസ്പർശിയായ ഓർമകൾ പങ്കുവച്ചു. സംവിധായകനും നിർമാതാവുമായ സെബാസ്റ്റ്യൻ അർവാളെയുമായി 'ഇൻ കോൺവർസേഷൻ' സെഷനിൽ സംവദിക്കുകയായിരുന്നു. ലൂയി ബുനുവൽ, പെഡ്രോ അൽമോദോവർ തുടങ്ങിയ ലോക സിനിമയിലെ മഹത്തായ സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങളെക്കുറിച്ചാണ് മൊളീന പ്രധാനമായും സംസാരിച്ചത്.

22 വയസ്സുള്ളപ്പോളാണ് ലൂയി ബുനുവലുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. "താൻ ചെയ്ത സിനിമയുടെ റഷുകൾ കാണണമെന്നാവശ്യപ്പെട്ട് ബുനുവൽ പിന്നീട് എന്നെ വ്യക്തിപരമായി കാണണമെന്ന് ആവശ്യപ്പെട്ടു. ആ കൂടിക്കാഴ്ച ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. എനിക്ക് മുത്തച്ഛനെ നഷ്ടപ്പെട്ട വേദന ബുനുവേൽ എന്ന സംവിധായകൻ തിരിച്ചറിഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം എന്റെ ജീവിതത്തിൽ ഒരു സംരക്ഷകനായി മാറുകയും ചെറുമകളെപ്പോലെ പരിഗണിക്കുകയും ചെയ്തു," മൊളീന ഓർത്തെടുത്തു.

ബുനുവലിനെ 'യഥാർത്ഥ ഗുരു' എന്നാണ് മൊളീന വിശേഷിപ്പിച്ചത്. പെഡ്രോ അൽമോദോവറിനൊപ്പം ചെയ്ത 'കാർനെ ട്രെമുലയെ'ക്കുറിച്ചും മൊളീന സംസാരിച്ചു. റിഡ്‌ലി സ്കോട്ടിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും ജീവിതത്തെ സ്വാധീനിച്ചതായി മൊളിന പറഞ്ഞു.

പുതിയ ചിത്രം: സ്നേഹവും മരണവും

സ്നേഹം, മരണം തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവ പരിശോധിക്കുന്ന സങ്കീർണമായ സിനിമയാണ് തന്റെ ഏറ്റവും പുതിയ ചിത്രം 'പോൾവോ സെറാൻ'. ഈ ചിത്രത്തിൽ സംഗീതവും ആധുനിക നൃത്തവും കഥാപാത്രത്തിന്റെ മാനസിക ആശ്വാസമായി പ്രവർത്തിക്കുന്നു. സംവിധായകൻ കാർലോസ് മാർക്വെറ്റിനെ തലമുറയിലെ ഏറ്റവും സംവേദനക്ഷമവും പ്രതീക്ഷാജനകവുമായ സംവിധായകരിൽ ഒരാളായി മൊളീന വിശേഷിപ്പിച്ചു.

ഇന്ത്യയോടുള്ള തന്റെ ദീർഘകാല ആത്മബന്ധത്തെക്കുറിച്ചും അവർ സംസാരിച്ചു. 22-ാം വയസ്സിൽ ഇന്ത്യയിലെത്തിയ ആദ്യ യാത്രയെപ്പറ്റിയും പങ്കുവെച്ചു. സദസ്സിന്റെ ചോദ്യങ്ങളോടെയാണ് സംവാദം സമാപിച്ചത്.

SCROLL FOR NEXT