'വാരണാസി' സെറ്റിൽ രാജമൗലിക്കൊപ്പം പൃഥ്വിരാജ് 
ENTERTAINMENT

"ഇന്ന് നിന്റെ ഉള്ളിലെ 'കുംഭ'യെ ഉണർത്തണമെന്ന് കരുതുന്നില്ല"; പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് രാജമൗലി

പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യെക്കുറിച്ചുള്ള ഈ വാക്കുകൾ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടുകയാണ്

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. നടനൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് സംവിധായകൻ എസ്.എസ്. രാജമൗലി.

"ജന്മദിനാശംസകൾ പൃഥ്വി. ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്തണമെന്ന് കരുതിയിരുന്നില്ല…ലോകത്തിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ വിധിക്കപ്പെട്ട കുംഭയെ!," ചിത്രങ്ങൾക്കൊപ്പം രാജമൗലി കുറിച്ചു.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 'വാരണാസി'യിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യെക്കുറിച്ചുള്ള ഈ വാക്കുകൾ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടുകയാണ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്.

ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരണാസി’ 2027 ഏപ്രിൽ ഏഴിന് ആഗോള തലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ & മാർക്കറ്റിങ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.

SCROLL FOR NEXT