തിരുവനന്തപുരം: 2024-2025 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന വാർത്ത തള്ളി മന്ത്രി സജി ചെറിയാൻ. സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജൂറിയെ തീരുമാനിച്ചിട്ടുള്ളുവെന്നും അവാര്‍ഡ് സംബന്ധിച്ച പ്രക്രിയകള്‍ ആരംഭിച്ചിട്ടേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച്ച പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ വന്ന വാർത്ത. പല സോഷ്യൽ മീഡിയ പേജുകളും ഓൺലൈൻ മാധ്യമങ്ങളും സാധ്യതാ പട്ടികയും പുറത്തു വിട്ടിരുന്നു. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും മന്ത്രി പറഞ്ഞു.
ആരായിരിക്കും ഇത്തവണ പുരസ്‌കാര ജേതാക്കളാവുക എന്ന ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മികച്ച നടനായി ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ആരാധകര്‍. അതോടൊപ്പം തന്നെ 2024-ല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആസിഫ് അലിക്കും പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആസിഫ് അലിക്ക് അദ്ദേഹത്തിന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ വര്‍ഷം ലഭിക്കും.