ENTERTAINMENT

'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയുടെ പിറവിക്ക് പിന്നിലെ കഥ!

എങ്ങനെയാണ് ബിഗ് ബോസ് ലോകത്തെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളിൽ ഒന്നായി മാറിയത്? അതിനു പിന്നിലെ രസകരമായ ഒരു ചരിത്രമാണ് പരിശോധിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ കുറച്ചുപേർ... അനുനിമിഷം അവരുടെ ഓരോ ചലനവും ശബ്ദവും ആ വീട്ടിലെ നിരവധി ക്യാമറക്കണ്ണുകളും മൈക്കുകളും ഒപ്പിയെടുക്കുന്നു... സൗഹൃദം, പ്രണയം, വഴക്ക്, രാഷ്ട്രീയം, തന്ത്രങ്ങൾ, വൈകാരിക നിമിഷങ്ങൾ... ഒടുവിൽ ഒരാൾ വിജയിയായി പുറത്തുവരുന്നു. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരെ ആകർഷിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അടിസ്ഥാന ആശയം ഇതാണ്. എന്നാൽ ഇത്തരമൊരു പരിപാടി ആദ്യമായി ആരുടെ മനസിലാണ് ഉദിച്ചത്? എങ്ങനെയാണ് ബിഗ് ബോസ് ലോകത്തെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളിലൊന്നായി മാറിയത്? അതിനുപിന്നിലെ രസകരമായ ഒരു ചരിത്രമാണ് പരിശോധിക്കുന്നത്.

'ബിഗ് ബ്രദർ'

1997 സെപ്റ്റംബർ മാസം.. നെതർലൻഡ്‌സിലെ ഒരു ടെലിവിഷൻ പ്രൊഡക്ഷൻ കമ്പനിയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു രസകരവും നൂതനവുമായൊരു ടിവി ഷോയുടെ ആശയം ആദ്യമായി പിറവിയെടുത്തത്. ടെലിവിഷൻ നിർമാതാവായ ജോൺ ഡി മോൾ, സഹപ്രവർത്തകരായ പോൾ റോമർ, ബാർട്ട് റോമർ, പാട്രിക് ഷോൾട്സെ എന്നിവരുമായി നടത്തിയ ചർച്ചയിലായിരുന്നു ഇത്തരമൊരു റിയാലിറ്റി ഷോ ആശയം രൂപപ്പെട്ടത്.

'Big Brother is watching you'

ഒരു കൂട്ടം അപരിചിതരായ ആളുകളെ ഒരു വീട്ടിൽ ഒരുമിച്ച് താമസിപ്പിക്കുക. പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുക. 24 മണിക്കൂറും ക്യാമറകളിലൂടെ അവരുടെ ജീവിതം നിരീക്ഷിക്കുക. അവരുടെ പെരുമാറ്റവും.. സൗഹൃദവും.. തർക്കങ്ങളും.. പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുക. കേൾക്കുമ്പോൾ വളരെ ലളിതമെന്ന് തോന്നുന്ന ഈ ആശയം ടെലിവിഷൻ ചരിത്രത്തിൽ തന്നെ വലിയൊരു പരീക്ഷണമായി മാറി. ഇതിന് നൽകിയ പേരായിരുന്നു 'ബിഗ് ബ്രദർ'... ഈ പേരിന് പിന്നിലും ഒരു കാരണമുണ്ട്. പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓർവെലിന്റെ '1984' എന്ന നോവലിലെ ബിഗ് ബ്രദർ എന്ന കഥാപാത്രത്തിൽ നിന്നാണ് ഈ പേര് കടമെടുത്തത്. ആ നോവലിൽ സമൂഹത്തിലെ ഓരോ വ്യക്തിയേയും നിരന്തരം നിരീക്ഷിക്കുന്ന അധികാരശക്തിയാണ് ബിഗ് ബ്രദർ. 'Big Brother is watching you' എന്ന വാചകവും ഇതിൻ്റെ ഭാഗമാണ്.

ആദ്യ സീസണിൻ്റെ തുടക്കം

ഈ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷൻ പരിപാടി 1999 സെപ്റ്റംബർ 16ന് നെതർലൻഡ്‌സിൽ സംപ്രേഷണം ആരംഭിച്ചു. ആദ്യ സീസണിൽ ഒരു വീട്ടിൽ 9 മത്സരാർഥികളെയാണ് 100 ദിവസത്തോളം താമസിപ്പിച്ചത്. ഉറക്കവും ഭക്ഷണവും സൗഹൃദവും വഴക്കും ഉൾപ്പെടെ അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ക്യാമറകൾ പകർത്തി.

ആദ്യമൊക്കെ ഇത്തരമൊരു പരിപാടി വിജയിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മത്സരാർഥികളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി. ആരാണ് ആരുമായി അടുക്കുന്നത്? ആരാണ് കള്ളം പറയുന്നത്? ആരാണ് തന്ത്രങ്ങൾ മെനയുന്നത്? ആരാണ് പുറത്താകുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പ്രേക്ഷകരെ പരിപാടിയുമായി കൂടുതൽ അടുപ്പിച്ചു.

പ്രേക്ഷകർക്ക് മത്സരാർഥികളുടെ ജീവിതം കാണാൻ മാത്രമല്ല, അവരെ പുറത്താക്കുന്നതിൽ വോട്ട് ചെയ്യാനും അവസരം ലഭിച്ചു. അതോടെ ടെലിവിഷൻ പ്രേക്ഷകരും മത്സരത്തിൻ്റെ ഭാഗമായി മാറി. ആദ്യ സീസണിൻ്റെ വൻ വിജയത്തോടെ ബിഗ് ബ്രദറിൻ്റെ ഫോർമാറ്റ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. യുഎസിലും ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമെല്ലാം വ്യത്യസ്ത പതിപ്പുകൾ പിറന്നു.

ഇന്ത്യൻ പതിപ്പായി ബിഗ് ബോസ്

ഇന്ത്യയിലും ഈ റിയാലിറ്റി ഷോ വലിയ തോതിൽ തരംഗമായി. 2006 നവംബർ 3ന് ഹിന്ദി പതിപ്പായ ബിഗ് ബോസ് സോണി ടെലിവിഷനിലൂടെ ആരംഭിച്ചു. ആദ്യ സീസണിൽ നടൻ അർഷദ് വാർസിയായിരുന്നു അവതാരകൻ. രാഹുൽ റോയ് ആയിരുന്നു ആദ്യ വിജയി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ബിഗ് ബോസ് എത്തി. മലയാളത്തിൽ ഈ പരിപാടി ആരംഭിക്കുന്നത് 2018 ജൂൺ 24നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച ആദ്യ സീസണിൻ്റെ അവതാരകനായി എത്തിയത് മോഹൻലാലാണ്. 16 മത്സരാർഥികളുമായി തുടങ്ങിയ ആ യാത്രയിൽ സാബു മോനാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. മലയാളം ബിഗ് ബോസ് സീസൺ എട്ടാം പതിപ്പ് ഇപ്പോൾ അവസാനഘട്ടത്തിലാണ്.

ഇന്ന് ബിഗ് ബോസ് എന്നത് വെറുമൊരു ടെലിവിഷൻ പരിപാടിയല്ല. സോഷ്യൽ മീഡിയ ചർച്ചകളുടെയും ആരാധക കൂട്ടായ്മകളുടെയും വിവാദങ്ങളുടെയും വലിയൊരു ലോകം കൂടിയാണ്. ഒരുപാട് ആളുകളെ ഒരു വീട്ടിൽ അടച്ചിട്ട് അവരുടെ ജീവിതം ക്യാമറയിൽ പകർത്തുക എന്ന ലളിതമായ ആശയം എങ്ങനെ കോടിക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഒരു ആഗോള വിനോദവ്യവസായമായി മാറി എന്നതാണ് ബിഗ് ബോസിൻ്റ ചരിത്രം നമ്മളോട് പറയുന്നത്. ഒരു വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ലോകം മുഴുവൻ കാണാൻ കാത്തിരിക്കുന്ന തരത്തിലേക്ക് ടെലിവിഷനെ മാറ്റിയ ആ പരീക്ഷണത്തിൻ്റെ പേരാണ് ബിഗ് ബോസ്!

SCROLL FOR NEXT