വൈറൽ പെൻഗ്വിൻ മീം Source: X
ENTERTAINMENT

ഇന്റർനെറ്റ് ഏറ്റെടുത്ത 'നിഹിലിസ്റ്റ് മീം'; ഹെർസോഗിന്റെ പെൻഗ്വിന്റെ 'മരണത്തിലേക്കുള്ള മാർച്ച്'

ഏകദേശം 20 വർഷം പഴക്കമുള്ള ഒരു ഡോക്യുമന്ററിയിലെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

രണ്ട് പെൻഗ്വിനുകൾ അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിലൂടെ നടന്നു നീങ്ങുന്നു. പെട്ടെന്ന് അതിൽ ഒന്ന് നിൽക്കുന്നു. തന്റെ കൂട്ടാളിയെ വിട്ട് ദൂരയുള്ള മലനിരകളെ ലക്ഷ്യമാക്കി ഒറ്റയ്ക്ക് നടന്നു നീങ്ങുന്നു.

ഏകദേശം 20 വർഷം പഴക്കമുള്ള ഒരു ഡോക്യുമന്ററിയിലെ ദൃശ്യങ്ങളാണ് ഈ വിവരിച്ചത്. ഈ ഫൂട്ടേജ് ഇന്ന് ഇന്റനെറ്റിൽ വൈറലാണ്. ആധുനിക കാലത്തെ മനുഷ്യർ അനുഭവിക്കുന്ന മാനസിക സമ്മർദം, ജോലിയിലെ വിരക്തി, ഏകാന്തത എന്നിവയുടെ പ്രതീകമാകുകയാണ് ഇന്ന് കൂട്ടാളിയെ വിട്ടകന്നു പോകുന്ന ഈ പെൻഗ്വിൻ.

ഭക്ഷണവും വെള്ളവും സൗഹൃദത്തിന്റെ ചൂടും ഉപേക്ഷിച്ച് നീങ്ങുന്ന ഈ പെൻഗ്വിന്റെ ദൃശ്യങ്ങൾക്ക് പിന്നിൽ വിഖ്യാതനായ ഒരു ചലച്ചിത്രകാരനാണ് - വെർണർ ഹെർസോഗ്.  2007ൽ ഹെർസോഗ് പുറത്തിറക്കിയ 'എൻകൗണ്ടേഴ്സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്' എന്ന ഡോക്യുമെന്ററിയിലെ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അന്റാർട്ടിക്കയിലൂടെയുള്ള സംവിധായകന്റെ യാത്രകളും അവിടെ വച്ച് അദ്ദേഹം കണ്ടുമുട്ടുന്ന ആളുകളുമാണ് ഈ ഡോക്യുമെന്ററിയിൽ നിറഞ്ഞുനിൽക്കുന്നത്. ഒപ്പം, ഹെർസോഗിലെ ചിന്തകന്റെയും ചലച്ചിത്രകാരന്റെയും ശ്രദ്ധപിടിച്ചുപറ്റിയ അഡെലി (Adelie) വർഗത്തിൽപ്പെട്ട ഈ പെൻഗ്വിനും.

തന്റെ കോളനിയിൽ നിന്നും ഭക്ഷണസ്രോതസുകളിൽ നിന്നും അകന്ന്, അന്റാർട്ടിക്കയുടെ ഉൾപ്രദേശങ്ങളിലേക്ക് ഏകദേശം 70 കിലോമീറ്ററോളം പെൻഗ്വിൻ നടന്നുപോകുന്നത് ഡോക്യുമെന്ററിയിൽ കാണാം. സാധാരണഗതിയിൽ പെൻഗ്വിനുകൾ കടലിനോടും സ്വന്തം കൂട്ടത്തോടും ചേർന്നുനിൽക്കുന്നവരാണ്, അതുകൊണ്ടുതന്നെ ഈ പെൻഗ്വിന്റെ പെരുമാറ്റം അത്യപൂർവവും വിചിത്രവുമാണ്. മരണത്തിലേക്കുള്ള മാർച്ച്  (Death March) എന്നാണ് ഒറ്റതിരിഞ്ഞുള്ള ഈ നടത്തത്തെ ഹെർസോഗ് വിശേഷിപ്പിച്ചത്. അതെ, മരണത്തിലേക്കുള്ള കാൽനടയാത്രയാണ് ഈ വൈറൽ ദൃശ്യത്തിൽ തെളിഞ്ഞുകിടക്കുന്നത്.

എങ്ങനെയാണ് ഈ പെൻഗ്വിൻ ഇത്രമാത്രം വൈറലായത്? കാരണക്കാരൻ മറ്റാരുമല്ല, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ. പെൻഗ്വിനോടൊപ്പം ട്രംപ് ഗ്രീൻലാൻഡിലേക്ക് നടന്നുപോകുന്ന ഒരു എഐ നിർമിത ചിത്രം വൈറ്റ് ഹൗസ് പങ്കുവച്ചതോടെയാണ് ഈ ട്രെൻഡ് അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്. ഈ ചിത്രത്തിൽ, പെൻഗ്വിന്റെ കൈവശം ഒരു യുഎസ് പതാകയും കാണാം. 'പെൻഗ്വിനെ നെഞ്ചിലേറ്റുക' എന്ന അടിക്കുറിപ്പോടെയാണ് വൈറ്റ് ഹൗസ് ഈ ചിത്രം പങ്കുവച്ചത്. എന്നാൽ, പെൻഗ്വിനൊപ്പമുള്ള ട്രംപിന്റെ പടത്തിന് ട്രോളുകളാണ് അധികവും ലഭിച്ചത്. കാരണം, പെൻഗ്വിനുകൾ ദക്ഷിണ ഗോളാർധത്തിൽ മാത്രമാണ് കാണപ്പെടുന്നത്. അതേസമയം, ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നതോ? ഉത്തര ഗോളാർധത്തിലും. അവിടെ പെൻഗ്വിനുകളില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ ട്രംപിനെ പരിഹസിക്കുന്നത്. ഗ്രീൻലാൻഡിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ മാർച്ച് അർഥശൂന്യമാണെന്നും പലരും ചൂണ്ടിക്കാട്ടി.

വൈറ്റ് ഹൗസ് പങ്കുവച്ച എഐ നിർമിത ചിത്രം

കാര്യങ്ങളിങ്ങനെ ആണെങ്കിലും, ട്രംപിനെ വിട്ട് ഓൺലൈൻ സമൂഹം പെൻഗ്വിനെ ഏറ്റെടുത്തു. മില്യൺ കണക്കിന് ആളുകളാണ് ഹെർസോഗ് പകർത്തിയ ദൃശ്യങ്ങൾ പങ്കുവച്ചത്. 'നിഹിലിസ്റ്റ് പെൻഗ്വിൻ' എന്നാണ് ഈ 'ഒറ്റ നടത്തക്കാര'നെ ഇവർ വിളിക്കുന്നത്. ജീവിതത്തിന്റെ അർത്ഥശൂന്യതയെ സൂചിപ്പിക്കുന്ന പ്രയോഗമാണ് 'നിഹിലിസം'. ജോലി ഭാരവും ശിഥിലമായ സാമൂഹിക ജീവിതവും കാരണം ഒറ്റപ്പെടുന്നവർ തങ്ങളുടെ നൈരാശ്യങ്ങളെ പ്രതിഫലിപ്പിക്കാൻ പെൻഗ്വിനെ തങ്ങുടെ സോഷ്യൽ മീഡിയ വാളിലൂടെ മഞ്ഞു മലകളിലേക്ക് ഒറ്റയ്ക്ക് നടത്തി. ആധുനിക സമൂഹത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലെ നിശബ്ദമായ പിൻമാറ്റമായി അവർ ഈ ദൃശ്യങ്ങളെ കണ്ടു. ചിലർ ഈ ജീവിയെ വിമതനായി മാറ്റി. പെൻഗ്വിൻ തന്റെ ഉള്ളിലെ 'മനുഷ്യനെ' തിരിച്ചറിഞ്ഞുവെന്നും, ഒരേ മട്ടിലുള്ള ദിനചര്യകളിൽ കുടുങ്ങി കിടക്കുന്നതിനേക്കാൾ വിസ്മൃതിയാണ് മികച്ചതെന്ന് കണ്ടെത്തിയെന്നുമാണ് ഇവർ കരുതുന്നത്. ദിശാബോധം നഷ്ടപ്പെട്ട് മരണത്തിലേക്ക് നടന്നടുക്കുന്ന ഈ ജീവൻ തങ്ങളുടെ പ്രതിനിധിയാണെന്ന് അവർ കുറിച്ചു. അവരുടെ പടത്തലവനായി ഈ പെൻഗ്വിൻ മാറി.

ശരിക്കും ഈ മീമിലെ പെൻഗ്വിൻ അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടോ? 'ഇല്ല' എന്നാണ് ശാസ്ത്രം പറയുന്നത്. മനുഷ്യൻ തങ്ങളുടെ വികാരങ്ങൾ പെൻഗ്വിനിലേക്ക് ആരോപിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് , 'നിഹിലിസ്റ്റ് പെൻഗ്വിൻ' മീം ഇത്രയധികം പ്രചരിച്ചത്. ഇന്റർനെറ്റ് ഈ പെൻഗ്വിനിൽ തത്ത്വചിന്തകനേയോ വിപ്ലവകാരിയേയോ കണ്ടെത്തുമ്പോൾ ശാസ്ത്രം കാണുന്നത് ദിശാബോധം നഷ്ടപ്പെട്ട ഒരു ജീവിയേയാണ്. മനുഷ്യരെപ്പോലെ പെൻഗ്വിനുകൾക്ക് മാനസികമായ പ്രതിസന്ധികളോ ദാർശനികമായ ചിന്തകളോ ഉണ്ടാകാറില്ല. 'ചിന്താ ഭാരം' പലപ്പോഴും മനുഷ്യനിർമിതമാണ്.

സാധാരണയായി രോഗം, പരിക്കുകൾ അല്ലെങ്കിൽ ശാരീരികമായ അസ്വസ്ഥതകൾ കാരണം പെൻഗ്വിനുകൾക്ക് ദിശാബോധം നഷ്ടപ്പെടാറുണ്ട് . ഇത്തരം സന്ദർഭങ്ങളിൽ അവ വഴിതെറ്റി ഉൾപ്രദേശങ്ങളിലേക്ക് നടക്കുകയും ഒടുവിൽ പട്ടിണിയും തണുപ്പും കാരണം ചത്തുപോവുകയും ചെയ്യാറുണ്ട്. അതിനെ തിരികെ തന്റെ കൂട്ടത്തിലേക്ക് എത്തിച്ചാൽ പോലും, അത് വീണ്ടും ഇതേ യാത്ര തന്നെ ആവർത്തിക്കാനാണ് സാധ്യതയെന്നുമാണ് പെൻഗ്വിൻ ഗവേഷകനായ ഡോ. ഡേവിഡ് ഐൻലി ഉൾപ്പെടെയുള്ള ഡോക്യുമെന്ററിയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

SCROLL FOR NEXT