കൊച്ചി: വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന 'തുടക്കം' നാളെ തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സംവിധായകൻ. അതിനിടെ, സുചിത്ര മോഹൻലാൽ നൽകിയ സ്നേഹ സമ്മാനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ജൂഡ്. 'ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുന്ന നിധി' - എന്നാണ് ചിത്രത്തിനൊപ്പം ജൂഡ് കുറിച്ചത്. സുചിത്രയ്‌ക്കും വിസ്മയയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളും ജൂഡ് പങ്കുവച്ചു.
"ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, പക്ഷേ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. രണ്ടാമത്തെ ചിത്രം, 'തുടക്കം' കണ്ടതിന് ശേഷം സുചി ചേച്ചി തന്ന മനോഹരമായ ഒരു സമ്മാനമാണ്—ജീവിതകാലം മുഴുവൻ ഞാൻ കാത്തുസൂക്ഷിക്കുന്ന നിധി. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓർമയ്ക്കും വളരെ നന്ദി, പ്രിയപ്പെട്ട ചേച്ചീ," ജൂഡ് ആന്തണി കുറിച്ചു.
Baume & Mercier Riviera വാച്ച് ആണ് സുചിത്ര മോഹൻലാൽ ജൂഡി ആന്തണിക്ക് സമ്മാനിച്ചത്. മൂന്നര ലക്ഷമാണ് ഈ ലക്ഷ്വറി വാച്ചിന്റെ വില.
ഓഗസ്റ്റ് ഏഴിനാണ് ജൂഡ് ആന്തണി ജോസഫ്-വിസ്മയ മോഹൻലാൽ ചിത്രം 'തുടക്കം' തിയേറ്ററുകളിലെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷം അവതരിപ്പിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ഒക്ടോബർ 30ന് കൊച്ചിയിൽ വച്ചാണ് നടന്നത്. നവംബർ 17ന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സിനിമയുടെ ദൈർഘ്യം രണ്ട് മണിക്കൂറും 19 മിനിറ്റുമാണ്.