വിൻസെന്റ് വടക്കൻ, സുധ കൊങ്കര, അഞ്ജലി മേനോൻ Source: X
ENTERTAINMENT

അഞ്ജലി മേനോന്റെ പ്രണയകഥ, വിൻസെന്റ് വടക്കന്റെ കമിങ് ഓഫ് ഏജ് ഡ്രാമ; സുധ കൊങ്കരയുടെ ലൈനപ്പിൽ മലയാളിത്തിളക്കം

'വേട്ടൈ നായ്‌കൾ' എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും സുധ

Author : ശ്രീജിത്ത് എസ്

കൊച്ചി: ശിവകാർത്തികേയൻ നായകനായ 'പരാശക്തി'ക്ക് ശേഷം താൻ ചെയ്യാൻ പോകുന്ന പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി സംവിധായിക സുധ കൊങ്കര. അഞ്ജലി മേനോൻ, വിൻസെന്റ് വടക്കൻ എന്നിവരുമായി സിനിമകൾ ആലോചനയിലുണ്ടെന്ന് സംവിധായിക വ്യക്തമാക്കി.

തനിക്ക് വേണ്ടി അഞ്ജലി മേനോൻ ഒരു പ്രണയകഥയുടെ തിരക്കഥ എഴുതുന്നുണ്ടെന്ന് സുധ കൊങ്കര അറിയിച്ചു. ഈ പ്രോജക്ട് ഉടൻ തന്നെ തുടങ്ങണമെന്നാണ് ആഗ്രഹമെന്നും സംവിധായിക പറഞ്ഞു. 'മഞ്ചാടിക്കുരു', 'ബാംഗ്ലൂർ ഡേയ്‌സ്' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ അഞ്ജലി മേനോന്റെ ശൈലി തന്റെ ശൈലിയിൽ നിന്ന് വ്യത്യസ്തമാണെന്നും, അവരുടെ ശാന്തമായ ശൈലിയിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കണമെന്നും സുധ കൂട്ടിച്ചേർത്തു. ഇതിനുമുമ്പ് അൻവർ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടൽ' ആണ് അഞ്ജലി മറ്റൊരാൾക്ക് വേണ്ടി എഴുതിയ തിരക്കഥ. ഈ സിനിമ മലയാളത്തിൽ വലിയ കൊമേഷ്യൽ വിജയം നേടിയിരുന്നു.

അമൽ നീരദ് സംവിധാനം ചെയ്ത 'ട്രാൻസ്' എന്ന സിനിമയുടെ തിരക്കഥാകൃത്തായ വിൻസെന്റ് വടക്കനുമായും സുധ സഹകരിക്കുന്നുണ്ട്. ഒരു പുരുഷ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ശക്തമായ ഒരു 'കമിങ് ഓഫ് ഏജ്' ഡ്രാമയാണ് വിൻസെന്റ് എഴുതിയിരിക്കുന്നതെന്ന് സുധ പറഞ്ഞു.

നരൻ എഴുതിയ 'വേട്ടൈ നായ്‌കൾ' എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും സംവിധായിക അറിയിച്ചു. വർഷങ്ങൾക്ക് മുമ്പേ ഇതിന്റെ പകർപ്പവകാശം സുധ സ്വന്തമാക്കിയിരുന്നു. വലിയ പ്രോജക്ടുകൾ പരിഗണനയിലുണ്ടെങ്കിലും അന്തിമമായി ഏത് പ്രോജക്ടിലേക്കാണ് താൻ ആദ്യം കടക്കുക എന്ന് ഇപ്പോൾ പറയാനാകില്ലെന്നും സുധ കൊങ്കര വ്യക്തമാക്കി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

സുധ കൊങ്കര സംവിധാനം ചെയ്ത 'പരാശക്തി' പൊങ്കൽ റിലീസായി ജനുവരി 10ന് ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. 1960 കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിലെ ഉദ്യോ​ഗസ്ഥനായ 'ചെഴിയൻ' എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

SCROLL FOR NEXT