ന്യൂ ഡൽഹി: ദേശീയ പുരസ്കാര ജേതാവ് കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത 'കേരള സ്റ്റോറി 2' റിലീസിന് മുൻപ് തന്നെ വിവാദങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. സിനിമയുടെ ട്രെയ്‌ലർ, ടീസർ എന്നിവയിലെ വിദ്വേഷ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, താൻ എന്തുകൊണ്ടാണ് 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാതിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുദീപ്തോ സെൻ.
ന്യൂസ് പേപ്പർ റിപ്പോർട്ടുകളേയും വാട്സ്ആപ്പ് ഫോർവേഡുകളേയും ആശ്രയിച്ച് സിനിമ ചെയ്യാൻ കഴിയില്ലെന്നാണ് ഇതിന് കാരണമായി ഒരു ദേശീയ മാധ്യമത്തിനോട് സുദീപ്തോ സെൻ പറഞ്ഞത്. 'കേരളാ സ്റ്റോറി'യുടെ ആദ്യഭാഗത്തിനുവേണ്ടി താൻ 10 വർഷത്തോളം ഗവേഷണം നടത്തി. ആ സിനിമയിലെ ഓരോ വാക്കിനും ദൃശ്യത്തിനും തനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. രണ്ടാം ഭാഗത്തിന്റെ പ്രമേയം കേരളത്തിന് പുറത്തേക്ക്, മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്ന ഒന്നാണെങ്കിൽ, തനിക്ക് വാട്ട്‌സ്ആപ്പ് ഫോർവേഡുകളെയോ പത്രവാർത്തകളെയോ ആശ്രയിക്കാൻ കഴിയില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
സെൻസിറ്റീവ് ആയ വിഷയങ്ങൾക്ക് ആഴത്തിലുള്ള ഗവേഷണവും നീണ്ട കാലത്തെ പഠനവും വേണം. ആ അടിത്തറയില്ലാതെ സംവിധായകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നുമാണ് സുദീപ്തോ പറയുന്നത്.
അതേസമയം, സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് 'കേരള സ്റ്റോറി 2'വിന്റെ ടീസറും ട്രെയ്‌ലറും പിൻവലിക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു. നാളെ വൈകുന്നേരം നാല് മണിക്ക് ശേഷം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായി ബെഞ്ച് സിനിമ കണ്ട് വിലയിരുത്തും. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സിനിമയിൽ എന്തെങ്കിലും പ്രതിപാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹരിക്കരുതെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നത്. സിനിമ കണ്ടതിന് ശേഷമാകും ഹർജിയിൽ കോടതി വിധി പറയുക. ഫെബ്രുവരി 27ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.