നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 21നാണ് സിനിമയുടെ റിലീസ്. വിജയ്‌യുടെ 'ജന നായകൻ', സൂര്യയുടെ 'വിശ്വനാഥ് & സൺസ്' എന്നീ തമിഴ് ചിത്രങ്ങൾക്ക് ശേഷം മമിത നായികയാകുന്ന മലയാളം സിനിമയാണിത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ'യിലെ വേഷത്തിലൂടെയാണ് മമിത ബൈജു ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ 'സൂപ്പർ ശരണ്യ'യുടെ ഓഡിഷൻ സമയത്തുണ്ടായ രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഗിരീഷ് എ.ഡി.
ഓഡിഷനെത്തിയപ്പോൾ lതാൻ പറഞ്ഞ ഒരു കാര്യം തെറ്റിദ്ധരിച്ച് മമിത കരഞ്ഞുപോയെന്നാണ് സംവിധായകൻ പറയുന്നത്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ടീം ഇന്റർവ്യൂവിലാണ് സംവിധായകൻ ഈ ഓർമ പങ്കുവച്ചത്. "സൂപ്പർ ശരണ്യയുടെ ഓഡിഷന്റെ സമയത്ത് ഞാൻ എന്തോ ഒരു സംഭവം പറഞ്ഞു. അത് പുള്ളിക്കാരി വേറെ എന്തോ ആയിട്ട് തെറ്റിദ്ധരിച്ച് കരയാറൊക്കെയായി. ഈ സിനിമാ പരിപാടി വിട് എന്നാണ് ഞാൻ പറഞ്ഞത്. അതായത് സിനിമയിൽ നോർമലി അഭിനയിക്കുന്ന പോലുള്ള സംഭവം വിടാനാണ് ഞാൻ പറഞ്ഞത്. പുള്ളിക്കാരി അത് വിചാരിച്ചത് സിനിമയേ വിട്, നിനക്ക് പറ്റിയ പരിപാടിയല്ല സിനിമ എന്നാണ്," ഗിരീഷ് എ.ഡി പറഞ്ഞു. ഒരു നടിയെന്ന നിലയിൽ വലിയ മാറ്റമാണ് മമിതയ്ക്ക് ഉണ്ടായതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.
മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' . ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഈ ബാനർ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.
ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.