കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി Source: ANI
ENTERTAINMENT

സുരേഷ് ഗോപിയുടെ കത്തിൽ ഇടപെടൽ! സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ പൂട്ടി

ഡിജിറ്റൽ പൈറസിക്കെതിരെയുള്ള രാജ്യവ്യാപക നടപടികളുടെ ഭാഗമാണിത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച ടെലിഗ്രാം ചാനലുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ. 1,263 വെബ്‌സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും ഉൾപ്പെടെ 7,393 യുആർഎല്ലുകൾ പ്രവർത്തനരഹിതമാക്കാനാണ് ഇടനിലക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഡിജിറ്റൽ പൈറസിക്കെതിരെയുള്ള രാജ്യവ്യാപക നടപടികളുടെ ഭാഗമാണിത്.

അടുത്തിടെ, സിനിമകളുടെ വ്യാജപതിപ്പുകൾ തടയുന്നതിന് നടപടിയാവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി, സർക്കാർ സ്വീകരിച്ച നടിപടികൾ വിശദീകരിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കത്തയയ്‌ക്കുകയായിരുന്നു. ഓൺലൈൻ പൈറസി സിനിമാ മേഖലയിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ സർക്കാർ തിരിച്ചറിയുന്നതായി കത്തിൽ മന്ത്രി വ്യക്തമാക്കി.

ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള നിയമസംവിധാനം ശക്തമാക്കിയ സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023ലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാജ ഉള്ളടക്കങ്ങൾ നൽകുന്ന ഇടനിലക്കാർക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ആക്ട്.

ഇതുകൂടാതെ, പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ പ്രത്യേക സംവിധാനം ആരംഭിച്ചതായും കത്തിൽ മന്ത്രി പറയുന്നു. ഒരു അന്തർ-മന്ത്രാലയ സമിതിക്ക് (Inter-Ministerial Committee) രൂപം നൽകുകയും, പരാതികൾ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നതിനും ഏകോപിത നടപടികൾ സ്വീകരിക്കുന്നതിനുമായി ഒരു പ്രത്യേക ആന്റി-പൈറസി പോർട്ടൽ വികസിപ്പിച്ചു വരികയാണെന്നും ഐടി മന്ത്രി അറിയിച്ചു.

SCROLL FOR NEXT