കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് തങ്ങൾ പ്രധാനമായും സംസാരിച്ചതെന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. വിജയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി.
സൗഹൃദം പങ്കുവയ്‌ക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ പ്രധാനമായും സംസാരിച്ചത്.
കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസ്സോടെ, കൈകോർത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുനൽകി. പ്രിയ സഹോദരൻ, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ വിജയ്‌ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!
കഴിഞ്ഞ ദിവസമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. ദില്ലിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 20 മിനുട്ടോളം നീണ്ട ചർച്ചയിൽ തമിഴ്നാടിന്റെ വികസന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം വിജയ് പ്രധാനമന്ത്രിക്ക് കൈമാറി. കാവേരി നദിയിൽ അണക്കെട്ട് നിർമിക്കാൻ കർണാടക സർക്കാരിന് അനുമതി നൽകരുതെന്നും വിജയ് ആവശ്യപ്പെട്ടതായാണ് വിവരം. വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങളും വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.