'കറുപ്പ്' സിനിമ  
ENTERTAINMENT

'കറുപ്പ്' ഉത്തരേന്ത്യയിൽ അനധികൃതമായി പ്രദർശിപ്പിച്ചു; നോട്ടീസ് അയച്ച് നിർമാതാക്കൾ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണ് 'കറുപ്പ്'

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സൂര്യ നായകനായ 'കറുപ്പ്' സിനിമ അനുമതിയില്ലാതെ ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ പ്രദർശിപ്പിച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങി നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ്. സംഭവത്തിൽ ലീഗൽ നോട്ടീസ് അയച്ചതായി നിർമാതാക്കൾ ഔദ്യോഗിക പ്രസ്താവന ഇറക്കി. സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മെയ് 15നാണ് തിയേറ്ററുകളിലെത്തിയത്.

മെയ് 14 വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ ഒൻപത് മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. എന്നാൽ, ആദ്യ ദിനം ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കി സിനിമയുടെ റിലീസ് അവസാന നിമിഷം റദ്ദാക്കി. നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം.

എന്നാൽ, ക്യൂബ് സിനിമ ടെക്നോളജീസിന്റെ ഭാഗത്തുനിന്നുണ്ടായ അനധികൃതവും നിയമവിരുദ്ധവുമായ കെഡിഎം ആക്ടിവേഷൻ മൂലം, തങ്ങളുടെ സമ്മതം കൂടാതെ ഉത്തരേന്ത്യയിലെ ചില തിയേറ്ററുകളിൽ സിനിമ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചുവെന്നാണ് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിനിമയിലെ ദൃശ്യങ്ങൾ ചിലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ചുവെന്നും ഇവർ ആരോപിക്കുന്നു. ഇത്തരത്തൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് 1957ലെ പകർപ്പവകാശ നിയമം, ഭാരതീയ ന്യായ സംഹിത 2023, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 എന്നിവ പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് മുന്നറിയിപ്പ് നൽകി.

ആർ.ജെ. ബാലാജി ആണ് സിനിമയുടെ സംവിധാനം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കറുപ്പ്'. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ചിത്രത്തിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് 'കറുപ്പ്' നിർമിച്ചിരിക്കുന്നത്. ഐഎംപി ഫിലിംസാണ് 'കറുപ്പ്' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

SCROLL FOR NEXT