ENTERTAINMENT

മോദിയോ രാഹുലോ? ഇഷ്ടപ്പെട്ട നേതാവാരെന്ന് ചോദ്യം, മോദിയെ തെരഞ്ഞെടുത്ത് താപ്‌സി പന്നു; 'ഇനിയും ഇവിടെ ജീവിക്കണ'മെന്ന് കൈകൂപ്പി മറുപടി

താപ്‌സിയുടെ മറുപടി ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് താപ്‌സി പന്നു. തന്റെ നിലപാടുകള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് താപ്‌സി. ഇപ്പോഴിതാ, തനിക്ക് ഇഷ്ടപ്പെട്ട നേതാവാരെന്ന ചോദ്യത്തിന് ഒരു മാധ്യമത്തിന് നടി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

ദേശീയ മാധ്യമമായ ടിവി 9ല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇഷ്ടപ്പെട്ട നേതാക്കളാരെന്ന ചിത്രങ്ങള്‍ കാണിച്ച് തെരഞ്ഞെടുക്കാനായിരുന്നു നടിയോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണിച്ചുകൊണ്ടായിരുന്നു ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞത്. ഒരു സന്ദേഹവുമില്ലാതെ നടി മോദിയെ തെരഞ്ഞെടുക്കുകയായിരുന്നു.

തനിക്ക് ഇനിയും ഈ നാട്ടില്‍ ജീവിക്കണം എന്ന് കൈകൂപ്പി പറഞ്ഞുകൊണ്ടായിരുന്നു താപ്‌സിയുടെ മറുപടി. എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ ഒരു മറുപടി പറഞ്ഞതെന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍, ' ഒന്നുമില്ല, എനിക്ക് ഇനിയും ഇവിടെ ജീവിക്കണം,' എന്നതു തന്നെയാണ് അര്‍ഥമാക്കിയതെന്നും താപ്‌സി പറഞ്ഞു.

താപ്‌സിയുടെ മറുപടി ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചുകൊണ്ടാണ് താപ്‌സി പന്നു അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

2021ല്‍ താപ്‌സി പന്നു, അനുരാഗ് കശ്യപ്, പ്രൊഡ്യൂസര്‍ വികാസ് ബാഹ്ള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് നിരവധി ലൊക്കേഷനുകളില്‍ ഇഡി റെയ്ഡ് നടന്നിരുന്നു. ടാക്‌സ് വെട്ടിച്ചെന്ന് കാണിച്ചായിരുന്നു ഇഡി റെയ്ഡ്. ഈ സാഹചര്യത്തില്‍ കൂടിയാണ് താപ്‌സി പന്നു പരിഹസിച്ചുകൊണ്ടുള്ള മറുപടി പറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

SCROLL FOR NEXT