ഹൈദരാബാദ്: തെലങ്കാന റൈസ് ഗ്ലോബൽ സമ്മിറ്റിലെ പ്രസ്താവനയിൽ വിമർശനം നേരിട്ട് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെരി, വ്യവസായ പ്രമുഖൻ ആനന്ദ് മഹേന്ദ്ര എന്നിവർക്കൊപ്പമാണ് നടൻ പരിപാടിൽ പങ്കെടുത്തത്. അന്നപൂർണ സ്റ്റുഡിയോയിൽ ഒരു പെൺകുട്ടിക്കൊപ്പം നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് പരിപാടിയിലേക്കുള്ള ക്ഷണം വരുന്നതെന്ന് ചിരഞ്ജീവി പ്രസംഗത്തിനിടയിൽ പറഞ്ഞതാണ് വിവാദത്തിന് കാരണമായത്.
"ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുഖ്യാതിഥികളും ധനകാര്യം, ഓട്ടോമൊബൈൽ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ്. ചിരഞ്ജീവിയെപ്പോലുള്ള ഒരു സിനിമാതാരം ഇവിടെ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം? നിങ്ങൾക്ക് മാത്രമല്ല, എനിക്കും അങ്ങനെ തോന്നുന്നു," ചിരഞ്ജീവി പറഞ്ഞു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടാണ് തന്നെ ക്ഷണിച്ചതെന്ന് നടൻ വെളിപ്പെടുത്തി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർകയെയും ഐടി മന്ത്രി ഡി ശ്രീധർ ബാബുവിനെയും സെറ്റിലേക്ക് അയയ്ക്കുകയായിരുന്നു. താൻ അപ്പോൾ ഒരു പെൺകുട്ടിക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. താൻ ആകെ വിഷമം പിടിച്ച അവസ്ഥയിലായെന്നും ഷൂട്ടിങ് കുറച്ചു നേരത്തേക്ക് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും നടൻ കൂട്ടിച്ചേർത്തു.
ചിരഞ്ജീവി തെരഞ്ഞെടുത്ത വാക്കുകൾ മോശമായി പോയി എന്നും അനാവശ്യമായിരുന്നെന്നും ആണ് സോഷ്യൽ മീഡിയയിൽ വലിയ ഒരു വിഭാഗം ആരോപിക്കുന്നത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ അറിയാത്ത സെലിബ്രിറ്റികളെ ഇത്തരം പരിപാടികളിലേക്ക് ക്ഷണിക്കരുത് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
അതേസമയം, 'വിശ്വംഭര' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിരഞ്ജീവി ചിത്രം. 2026 ഏപ്രിലിലേക്കാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 'മന ശങ്കര വര പ്രസാദ് ഗാരു' എന്ന ചിത്രവും ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രവുമാണ് നടന്റെ ലൈനപ്പിലുള്ള പ്രൊജക്ടുകൾ.