തരുൺ മൂർത്തിയുടെ മകന്റെ ജന്മദിനാഘോഷത്തിൽ മോഹൻലാൽ, മീരാ ജാസ്മിൻ Source: Instagram / tharun_moorthy
ENTERTAINMENT

പിറന്നാൾ സമ്മാനവുമായി മോഹൻലാൽ, മധുരവുമായി മീരാ ജാസ്മിൻ; 'അതിമനോഹരം' സെറ്റിൽ തരുൺ മൂർത്തിയുടെ മകന്റെ ജന്മദിനാഘോഷം

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'അതിമനോഹരം'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'അതിമനോഹരം' സിനിമയുടെ സെറ്റിൽ സംവിധായകൻ തരുൺ മൂർത്തിയുടെ മകന്റെ ജന്മദിനാഘോഷം. മോഹൻലാലും മീരാ ജാസ്മിനും മകന് പിറന്നാൾ സമ്മാനങ്ങൾ നൽകുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ തരുൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മകന് ജന്മദിനത്തിൽ ഇതിൽ കൂടുതൽ എന്താണ് കിട്ടാനുള്ളതെന്ന് കുറിച്ചുകൊണ്ടാണ് തരുൺ ചിത്രങ്ങൾ പങ്കുവച്ചത്.

"എന്റെ മകന് അവന്റെ ജന്മദിനത്തിൽ ഇതിൽക്കൂടുതൽ എന്താണ് കിട്ടാനുള്ളത്? നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ, സാക്ഷാൽ മോഹൻലാൽ എന്ന ഇതിഹാസത്തിൽ നിന്ന് ഒരു പ്രത്യേക സമ്മാനം. അവന്റെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമെല്ലാം അദ്ദേഹം സ്നേഹത്തോടെ ചോദിച്ചറിഞ്ഞു. അവന് എന്നെന്നും നെഞ്ചിലേറ്റാനും കളിക്കാനും ഏറ്റവും മനോഹരമായ കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.

പിന്നീടതാ മീരയെത്തുന്നു, സ്നേഹത്തിൽ പൊതിഞ്ഞ മധുരവുമായി, സ്വാദിഷ്ടമായ പലഹാരങ്ങളും ഹൃദ്യമായ ആശംസകളും സമ്മാനിച്ചുകൊണ്ട്. അവർ നൽകിയ ഓരോ ആലിംഗനവും ഓരോ പുഞ്ചിരിയും ഓരോ അനുഗ്രഹവും ആത്മാർത്ഥമായ കരുതലും സ്നേഹവും നിറഞ്ഞതായിരുന്നു.

ഈ സെറ്റ് യഥാർത്ഥത്തിൽ വളരെ പ്രത്യേകതയുള്ളതാണ്. 'അതിമനോഹരം' എന്ന പേര് തന്നെ, സ്നേഹവും നിഷ്കളങ്കതയും മറക്കാനാവാത്ത ഓർമകളും നിറഞ്ഞ നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലെ മനോഹരമായ ഒരിടത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ്," തരുൺ മൂർത്തി കുറിച്ചു.

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'അതിമനോഹരം'. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. മീരാ ജാസ്‌മിൻ ആണ് ചിത്രത്തിലെ നായിക.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

SCROLL FOR NEXT