കൊച്ചി: 'കേരള സ്റ്റോറി 2'വിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അനുരാഗ് കശ്യപിന് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്. അനുരാഗ് കശ്യപ് മാനസികമായി ദുർബലനായിരിക്കുന്നു എന്നാണ് പരിഹാസം. എക്സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
'കേരള സ്റ്റോറി 2' പ്രൊപ്പഗണ്ട സിനിമയാണെന്ന അനുരാഗ് കശ്യപിന്റെ തുറന്ന വിമർശനമാണ് സംവിധായകനെ ചൊടിപ്പിച്ചത്. സിനിമയിൽ ഒരാളെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗത്തെയും അനുരാഗ് പരിഹസിച്ചിരുന്നു. "ആരെങ്കിലും ഇത്തരത്തിൽ ബീഫ് കഴിപ്പിക്കുമോ? ആരും ഒരാൾക്ക് ഇങ്ങനെയൊരു കിച്ചടി പോലും വിളമ്പില്ല. ഇതൊരു മോശം സിനിമയാണ്. പണമുണ്ടാക്കാൻ വേണ്ടിയുള്ള പ്രൊപ്പഗണ്ട മാത്രമാണിത്," എന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡ് നിശയിൽ സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞത്.
അനുരാഗിന് എല്ലാത്തിനോടും പ്രശ്നമാണെന്നും ബ്രാഹ്മണരോടും നെറ്റ്ഫ്ലിക്സിനോടും സിനിമാ വ്യവസായത്തോടും വരെ അദ്ദേഹത്തിന് എതിർപ്പാണെന്നും 'കേരള സ്റ്റോറി 2' സംവിധായകൻ പരിഹാസ സ്വരത്തിൽ പറഞ്ഞു.
"അദ്ദേഹം 'ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്' (That Girl in Yellow Boots) എന്നൊരു സിനിമ നിർമിച്ചു, അതിൽ അച്ഛനും മകളും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം സങ്കൽപ്പിച്ചിരിക്കുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണത്. ഈ മനുഷ്യൻ മാനസികമായി തകർന്നിരിക്കുകയാണ്, സമൂഹവും ഇദ്ദേഹത്തെ ഗൗരവമായി എടുക്കുന്നത് നിർത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ സിനിമകളെല്ലാം പരാജയമാണ്. അദ്ദേഹത്തിന് സദ്‌ബുദ്ധി നൽകാനായി ഞാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു," എന്നും കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു.
കിച്ചടി പോലും ആരും ഇങ്ങനെയൊന്നും വിളമ്പില്ലെന്ന അനുരാഗിന്റെ വാദത്തോട് താൻ യോജിക്കുന്നുവെന്ന് പറഞ്ഞ സംവിധായകൻ, എന്നാൽ നമ്മുടെ സമൂഹത്തിൽ നിരപരാധികളായ പെൺകുട്ടികളെ മതം മാറ്റാൻ വേണ്ടി ബീഫ് കഴിപ്പിക്കുന്നുണ്ടെന്നും അത് വലിയൊരു കുറ്റകൃത്യമാണെന്നും കൂട്ടിച്ചേർത്തു.
ഫെബ്രുവരി 27നാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിൽ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 'യുഎ' സർട്ടിഫിക്കറ്റാണ് ' ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്.