മാറ്റ് ഡാമൻ 
ENTERTAINMENT

'ദ ഒഡിസി' നായകൻ ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംവിധായകൻ ആര്? അത് രാജമൗലിയോ, മണിരത്നമോ അല്ല...

അക്കാലത്ത് എല്ലാവരും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്ന സംവിധായകൻ എന്ന മുഖവുരയോടെയാണ് മാറ്റ് ആ പേര് പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡ് നടൻ മാറ്റ് ഡാമൻ ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംവിധായകൻ ആരാകും? എസ്.എസ്. രാജമൗലി, മണിരത്നം, അനുരാഗ് കശ്യപ് എന്നിങ്ങനെ പല പേരുകൾ നമ്മുടെ മനസിലൂടെ പോയേക്കാം. ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡിസി'യുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇങ്ങനെ ഒരു ചോദ്യം ഉയർന്നപ്പോൾ ഹോളിവുഡ് താരത്തിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.

അക്കാലത്ത് എല്ലാവരും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്ന സംവിധായകൻ എന്ന മുഖവുരയോടെ മാറ്റ് ഡാമൻ ആ പേര് പറഞ്ഞു - ശേഖർ കപൂർ. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം നഷ്ടമായതിന്റെ നിരാശയും താരം പങ്കുവച്ചു. 2002ൽ ശേഖർ കപൂർ സംവിധാനം ചെയ്ത 'ദ ഫോർ ഫെദേഴ്സ്' എന്ന ചരിത്ര സിനിമയിൽ തനിക്ക് ഒരു പ്രധാന വേഷം ലഭിച്ചിരുന്നുവെന്നും, എന്നാൽ 'ബോൺ' ചിത്രത്തിനായി കരാർ ഒപ്പിട്ടിരുന്നതിനാൽ ആ ഓഫർ നിരസിക്കേണ്ടി വന്നതായും ഡാമൺ ഓർത്തെടുത്തു.

"അക്കാലത്ത് എല്ലാവരും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സംവിധായകനായിരുന്നു ശേഖർ കപൂർ. ചില കാരണങ്ങളാൽ എനിക്ക് 'ദ ഫോർ ഫെദേഴ്സ്' ചെയ്യാൻ കഴിയാതെ വന്നപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. അന്ന് ഞാൻ ഒരു 'ബോൺ' സിനിമയ്ക്കായി കരാർ ഒപ്പിട്ടിരിക്കുകയായിരുന്നു. ഞാൻ എന്റെ കീശയിൽ കൊണ്ടുനടക്കുന്ന 20 വർഷത്തോളം പഴക്കമുള്ള ഒരു ചെറിയ കടമാണത്," ഡാമൻ പറഞ്ഞു.

ഇതിന് മറുപടിയായി ശേഖർ കപൂർ മാറ്റ് ഡാമനെ പ്രശംസിച്ചു. മാറ്റ് ഡാമനെപ്പോലെ ഇത്രയധികം വൈകാരിക ആഴമുള്ള ഒരു നടനൊപ്പം പ്രവർത്തിക്കാൻ ലോകത്തിലെ ഏത് സംവിധായകനാണ് ആഗ്രഹിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. "ഗുഡ് വിൽ ഹണ്ടിങ് എന്ന ചിത്രത്തിൽ റോബിൻ വില്യംസിനൊപ്പമുള്ള ഡാമന്റെ പ്രശസ്തമായ ആ രംഗം ആർക്കാണ് മറക്കാൻ സാധിക്കുക. ഞാൻ ആയിരത്തിലധികം തവണ ആ സീൻ കണ്ടിട്ടുണ്ട്. ഓരോ തവണയും അത് കണ്ണ് നിറയിച്ചിട്ടുമുണ്ട്. മാറ്റ്, ഒടുവിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സമയമായിരിക്കുന്നു," എന്നാണ് സംവിധായകൻ പറഞ്ഞത്.

ശേഖർ കപൂറിന്റെ 'ദ ഫോർ ഫെദേഴ്സ്' 2002ലാണ് തിയേറ്ററുകളിൽ എത്തിയത്. അന്തരിച്ച പ്രശസ്ത നടൻ ഹീത്ത് ലെഡ്ജർ ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 'ദ ഒഡീസി' എന്ന ചിത്രത്തിൽ മാറ്റ് ഡാമൺൻ ആണ് കേന്ദ്ര കഥാപാത്രമായ ഒഡീസിയസിനെ അവതരിപ്പിക്കുന്നത്. ടോം ഹോളണ്ട്, ആൻ ഹാത്‌വേ, സെൻഡയ, എലിയറ്റ് പേജ്, ലുപ്പീറ്റ നിയോങ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രചരണാർത്ഥം ക്രിസ്റ്റഫർ നോളൻ, മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവർ മുംബൈയിൽ എത്തിയിരുന്നു.

SCROLL FOR NEXT