ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ, അൻസിബ ഹസൻ 
ENTERTAINMENT

'അമ്മ'യിലെ തർക്കം: നാല് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; പരാതി കേൾക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന നിലപാടിലുറച്ച് അൻസിബ

'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ച അൻസിബ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടന 'അമ്മ'യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എക്സിക്യൂട്ടീവ് കമ്മിറ്റി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ കമ്മിറ്റിക്ക് മുൻപാകെ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം.

എന്നാൽ, 'അമ്മ' നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് നടിയുടെ നിലപാട്. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ സമിതിയിൽ ഉണ്ടാകണം, സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങളുടെ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും അൻസിബ ഹസൻ മുന്നോട്ടുവച്ചിട്ടുണ്ട്.

'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. താൻ രാജിവയ്ക്കാൻ കാരണം ടിനി ആണെന്ന് പറഞ്ഞ നടി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ, ടിനി ഈ ആരോപണങ്ങൾ നിഷേധിച്ചു. 'അമ്മ'യിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ വിശദീകരണം.

അതേസമയം, ടിനി ടോമിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അൻസിബ ഹസൻ. 'ജിഹാദി' പരാമർശത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് നടിയുടെ ആലോചന. 'അമ്മ' വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയുടെ പരാതിയിൽ ഹിൽപാലസ് വനിത സെൽ സിഐ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചതിലും അൻസിബ പരാതി നൽകുമെന്നാണ് സൂചന.

SCROLL FOR NEXT