തമിഴ് സിനിമ, രാഷ്ട്രീയ മേഖലകളെ കടന്നാക്രമിക്കുന്ന ആക്ഷേപഹാസ്യ ചിത്രമാണ് നട്ടി നടരാജ് നായകനായ 'തങ്ക നച്ചത്തിരം 2026'. സിനിമയുടെ പ്രമേയത്തിന് നടനും തമിഴ വെട്രി കഴകം നേതാവുമായ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശവുമായി സാമ്യതയുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനല്ല സിനിമയെടുത്തതെന്നും, തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കൾ. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവിയും മകൻ ദീപക് രവിയുമാണ് സിനിമയുടെ നിർമാണം.
സിനിമയെ സിനിമ മാത്രമായി കാണണമെന്ന് കണ്ണൻ രവി പറഞ്ഞു. 'ടിഎൻ 2026' ഈ കാലത്തിന് അനുയോജ്യമായ ചിത്രമാണെന്നും അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുമെന്നും നിർമാതാവ് കൂട്ടിച്ചേർത്തു. നേരത്തെ, സിനിമയുടെ ടീസറും ട്രെയ്‌ലറും പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകൻ ഉമാപതി രാമയ്യയും തിരക്കഥാകൃത്ത് തമ്പി രാമയ്യയും ഇതേ വിശദീകരണമായിരുന്നു നൽകിയിരുന്നത്.
'ഗോൾഡൻ സ്റ്റാർ കുൽക്കന്ത് കുമാർ' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് 'തങ്ക നച്ചത്തിരം 2026' മുന്നോട്ടുപോകുന്നത്. തമിഴ് സിനിമയിൽ അതികായനായി മാറുന്ന ഇയാൾ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നട്ടി നടരാജ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് വിജയ്‌യുടെ രൂപഭാവങ്ങളാണ് നൽകിയിരിക്കുന്നത് എന്നാണ് ആരാധകരുടെ വിമർശനം. ഇതിന് പുറമേ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശവും പ്രസംഗങ്ങളും സൂചിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിൽ ഉണ്ടെന്നും ആരോപണം ഉയർന്നുണ്ട്.
റെഡിൻ കിംഗ്‌സ്‌ലി, തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ, ഇളവരശ്, ശ്രീത റാവു, ചാന്ദിനി തമിഴരശൻ, യാഷിക ആനന്ദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംഗീത സംവിധാനം-ദർബുക ശിവ, ഛായാഗ്രഹണം: പി.ജി. മുത്തയ്യ. എഡിറ്റിങ്: അരുൾ ആർ. തങ്കം.