വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും Source: News Tamil 24x7
ENTERTAINMENT

വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; ചർച്ചയാക്കി സോഷ്യൽ മീഡിയ

വിജയ്‌യുടെ ഭാര്യ വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യും നടി തൃഷ കൃഷ്ണനും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതിര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെ തൃഷ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

എജിഎസ് എന്റർടെയ്‌ൻമെന്റ്സ് ഉടമ കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത്. രണ്ടുപേരും ഒരേ നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിന് എത്തിയത്. പൂച്ചെണ്ടുമായി എത്തിയ വിജയ്‌ക്കൊപ്പം വിവാഹവിരുന്ന് വേദിയിലേക്ക് എത്തുന്ന തൃഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' എന്ന ചിത്രത്തിന് ശേഷം വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന തരത്തിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു. ഇരുവരും ഒന്നിച്ചെത്തിയത് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

വിജയ്‌യുടേയും തൃഷയുടെയും വീഡിയോ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. കുടുംബ പ്രശ്നങ്ങൾക്കിടയിൽ ഇത്തരമൊരു നീക്കം ഉചിതമായില്ലെന്നാണ് ഒരുകൂട്ടരുടെ വിമർശനം. എന്നാൽ, അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരു പൊതുപരിപാടിയിൽ ഒരുമിച്ച് വന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് ആരാധകർ.

1999ൽ വിവാഹിതരായ വിജയ്-സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്. ​27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ചെങ്കൽപേട്ട് ജില്ലാ കുടുംബ കോടതിയിലാണ് വിവാഹമോചന ഹർജി നൽകിയത്. വിജയ്‌യ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് ഇവർ വിവാഹമോചന അപേക്ഷയിൽ പറയുന്നത്. ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

മ്യൂച്വൽ ഡിവോഴ്‌സിനായിരുന്നു സംഗീതയ്ക്ക് താൽപ്പര്യം. എന്നാൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കാനാണ് വിജയ് താൽപ്പര്യപ്പെടുന്നത്. ഈ വിഷയത്തിൽ സംഗീതയുമായി വിജയ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഗീതയ്ക്കും മക്കൾക്കും 250 കോടി രൂപ ജീവനാംശം കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നാണ് സൂചന. ഇരു കൂട്ടരും പരസ്പര ധാരണയിലെത്തുന്ന പക്ഷം സംഗീത വിവാഹമോചന ഹർജി പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഇക്കാര്യം ഇരുകക്ഷികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT