Source: Facebook
ENTERTAINMENT

'കഴിഞ്ഞ വർഷം പകുതി മുതൽ തൊഴിൽരഹിത, മിനിമം മര്യാദ കാണിക്കുന്നവരോടേ ഇനി കൂട്ടു കൂടുന്നുള്ളൂ'; ഫേസ്ബുക്ക് പോസ്റ്റുമായി സജിത മഠത്തിൽ

ഈ വർഷം നന്നാവാൻ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് ഇവ തുറന്നു പറയണമെന്ന് കരുതുന്നതെന്നും സജിത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Author : വിന്നി പ്രകാശ്

കേരളത്തിനകത്തും പുറത്തും പരിപാടികൾക്ക് ക്ഷണിക്കുകയും ചെയ്യുന്നവർ മാന്യമായ പ്രതിഫലം നൽകണമെന്ന് നിലപാട് വ്യക്തമാക്കി നടിയും എഴുത്തുകാരിയുമായ സജിത മഠത്തിൽ.ഈ വർഷം നന്നാവാൻ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് ഇവ തുറന്നു പറയണമെന്ന് കരുതുന്നതെന്നും സജിത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പരിപാടികളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തിൽ ദുഃഖത്തോടെ മടങ്ങി വന്ന സന്ദർഭം കുറേ തവണ ഉണ്ടായിട്ടുള്ളതായും ഇനി മിനിമം മര്യാദ കാണിക്കുന്നവരോടെ കൂട്ടു കൂടുന്നുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോസ്റ്റിൻ്റെ പൂർണ രൂപം...

ഞാൻ ഈ വർഷം നന്നാവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇവ തുറന്നു പറയണമെന്ന് കരുതുന്നത്. കഴിഞ്ഞ വർഷം പകുതി മുതൽ ഞാൻ തൊഴിൽ രഹിതയാണ്. കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാൽ എനിക്ക് ഇല്ല. പക്ഷെ എനിക്ക് ജീവിച്ചു പോകാനുള്ളത്‌ ഞാൻ എഴുത്തും, വല്ലപ്പോഴും കിട്ടുന്ന അഭിനയവും, മറ്റു ജോലികളും ആയി ഉണ്ടാക്കുന്നുണ്ട്, എന്റെ ചെറിയ ജീവിതത്തിൽ ഏറെ സന്തോഷവതിയും ആണ്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. അവിടെ എനിക്ക് മിണ്ടാൻ കുറെ കഥാപാത്രങ്ങളെ ലോകം ചുറ്റുന്നതിനിടയിൽ ഞാൻ വാങ്ങിച്ചു വെച്ചിട്ടുണ്ട്. എത്ര കാലം വേണമെങ്കിലും ആ ലോകത്തു സമാധാനമായി ഞാൻ ജീവിക്കും.

പറഞ്ഞുവരുന്നത്‌ മറ്റൊരു കാര്യമാണ്. കേരളത്തിനകത്തും പുറത്തും പരിപാടികളിൽ പങ്കെടുക്കാൻ വിളിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും ആണ്, നിങ്ങൾ എന്നെ ഓർക്കുന്നതിലും പരിപാടികളിൽ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുന്നതും എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് താല്പര്യമുള്ള വിഷയങ്ങളിൽ യാതൊരു മടിയുമില്ലാതെ ഞാൻ അങ്ങോട്ട് ആവശ്യപെട്ടു പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷെ നിങ്ങളുടെ പരിപാടികൾ എന്റെ ആവശ്യമാക്കി മാറ്റരുത്. സംസാരിക്കാനുള്ള വിഷയം പഠിച്ചു, അതിനു കുറെ സമയം ചിലവഴിച്ചു യാത്ര ചെയ്തു പോയി വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തിൽ ദുഃഖത്തോടെ മടങ്ങി വന്ന സന്ദർഭം കുറെ തവണ ഉണ്ടായിട്ടുണ്ട്. സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവർ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവർക്ക് പോലും വലിയ പ്രതിഫലം നൽകാൻ ഉത്സാഹം കാണിക്കും. മിനിമം മര്യാദ കാണിക്കുന്നരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ എന്നു ഞാൻ തീരുമാനിച്ചു. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്. ചിലവഴിച്ച മണിക്കൂറുകൾ അനുസരിച്ചു reasonable ആയ remuneration കിട്ടുക, നൽകുക എന്നത് മിനിമം മര്യാദയാണ്!! അതു ചോദിക്കപോലും ഇല്ലാതെ പരിപാടികളിൽ ഇനി പങ്കെടുക്കണം എന്നു എന്നെ നിർബന്ധിക്കരുത്. മിനിമം ചോദിക്കുകയെങ്കിലും വേണം! (അടുത്തപടിയായിProper written contract ഇല്ലാതെ സ്ഥാപനങ്ങളുമായുള്ള assignments എടുക്കേണ്ടതില്ല എന്നും തീരുമാനിക്കേണ്ടതുണ്ട്.) വളരെ വൈകി ആണെങ്കിലും ഞാൻ നന്നാവാൻ തന്നെ തീരുമാനിച്ചു

(ഇത്രയും എഴുതിയത് കുറെ ആലോചിച്ചാണ്. ക്ഷമിക്കണം. നിവൃത്തി ഇല്ലാഞ്ഞിട്ടാണ്.)

SCROLL FOR NEXT