'വാഴ 2' 90s എഡിഷൻ Source: Instagram / aswathy_achu.ai
ENTERTAINMENT

മാസ് കാസ്റ്റിങ്! 90കളിൽ 'വാഴ 2' ഇറങ്ങിയിരുന്നെങ്കിൽ? എഐ വീഡിയോ വൈറൽ

വീഡിയോ 'ബാബു ആന്റണി തൂക്കി' എന്നാണ് കമന്റുകൾ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'വാഴ 2- ബയോപിക്ക് ഓഫ് ബില്യൺ ബ്രോസ്'. തന്നെയാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സംസാരവിഷയം. സവിൻ സാ സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷൻ നേടി ബോക്സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. 200 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ ആഗോളതലത്തിൽ സ്വന്തമാക്കിയത്. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഒരു ചിത്രം 200 കോടി കളക്ഷൻ സ്വന്തമാക്കുന്നത്.

ഈ സിനിമ 90കളിൽ ആണ് റിലീസ് ചെയ്തിരുന്നെങ്കിൽ ആരൊക്കെയാകും അഭിനയിക്കുക? ഇത്തരത്തിൽ ഒരു എഐ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മോഹൻലാൽ, മമ്മൂട്ടി, മുകേഷ് , ശ്രീനിവാസൻ, റഹ്മാൻ, ബാബു ആന്റണി, ശോഭന, നെടുമുടി വേണു, തിലകൻ എന്നിവരാണ് 'വാഴ 2' 90s എഡിഷനിലെ താരങ്ങൾ. അശ്വതി അച്ചു എഐ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മലയാളത്തിലെ മഹാനടന്മാരുണ്ടെങ്കിലും കമന്റ് സെക്ഷനിൽ അധികവും 'ബാബു ആന്റണി തൂക്കി' എന്നാണ് അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപി കൂടി വേണമായിരുന്നു എന്നും കമന്റുകളുമുണ്ട്.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് 'വാഴ 2'ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. സംവിധായകൻ വിപിന്‍ ദാസിന്റേതാണ് തിരക്കഥ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.

മെയ് എട്ട് മുതൽ 'വാഴ 2' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

SCROLL FOR NEXT