ENTERTAINMENT

ഭാരതിരാജയെ ഉള്‍ക്കൊള്ളാനാകാതെ ബ്രാഹ്മണ സമൂഹം ഇളകി; രക്ഷയ്‌ക്കെത്തിയത് എംജിആര്‍

സമൂഹത്തോട് കലഹിച്ചും, പാരമ്പര്യം പേറുന്ന ചിന്താഗതികളോടു മുഖംതിരിച്ചും അദ്ദേഹം സിനിമയുണ്ടാക്കി. അതില്‍ അലോസരം പൂണ്ടവര്‍ ഏറെയുണ്ടായിരുന്നു.

Author : എസ്. ഷാനവാസ്

തമിഴ് സിനിമയുടെ ഗ്രാമര്‍ തിരുത്തിയെഴുതിയ സംവിധായകനായിരുന്നു ഭാരതിരാജ. തമിഴ് തിരൈപ്പടങ്ങളുടെ പതിവു നടപ്പുവഴികള്‍ ഉപേക്ഷിച്ചാണ് അദ്ദേഹം ഒറ്റയാള്‍പ്പാത വെട്ടിയത്. ഇന്‍ഡോര്‍ സെറ്റുകളുടെ വെളിച്ചത്തില്‍ മാത്രം ശോഭിച്ചിരുന്ന തമിഴ് സിനിമയെ നാട്ടിന്‍പുറങ്ങളിലേക്കും, മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കും അദ്ദേഹം പറിച്ചുനട്ടു. സമൂഹത്തോട് കലഹിച്ചും, പാരമ്പര്യം പേറുന്ന ചിന്താഗതികളോടു മുഖംതിരിച്ചും അദ്ദേഹം സിനിമയുണ്ടാക്കി. അതില്‍ അലോസരം പൂണ്ടവര്‍ ഏറെയുണ്ടായിരുന്നു. അവരുടെ വെല്ലുവിളികളെയും അതിജീവിച്ചാണ് ഭാരതിരാജ തമിഴ് സിനിമയ്ക്ക് പുതിയ ദിശാസൂചിക നല്‍കിയത്.

ആദ്യം ചിത്രമായ '16 വയതിനിലെ' ചെയ്ത് പത്താം വര്‍ഷത്തിലാണ് ഭാരതിരാജ 'വേദം പുതിത്' (പുതിയ വേദം) എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഭാരതിരാജയുടെ സ്ഥിരം കാമറാമാനായിരുന്ന (ഭാരതിരാജയുടെ കണ്ണുകള്‍ എന്ന് വിളിപ്പേര്) ബി. കണ്ണന്‍ എഴുതിയ 'സാതികള്‍ ഇല്ലൈയടി പാപ്പ' (ജാതികള്‍ ഇല്ലാ പ്രിയപ്പെട്ടവളേ) എന്ന നാടകത്തെ അവലംബിച്ചാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. നിരീശ്വരവാദിയായ ബാലു തേവരുടെയും പേച്ചിയുടെയും മകന്‍ ശങ്കരപാണ്ടിയും ബ്രാഹ്മണജാതിക്കാരിയായ വൈദേഹിയും തമ്മിലുള്ള പ്രണയവും, അതിനോടുള്ള എതിര്‍പ്പും തുടര്‍പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞത്. വൈദേഹിയുടെ പിതാവ് നീലകണ്ഠ ശാസ്ത്രികള്‍ ബ്രാഹ്മണ പുരോഹിതനാണ്. താഴ്ന്ന ജാതിക്കാരനായ ശങ്കരപാണ്ടിയും മകളും തമ്മിലുള്ള ബന്ധത്തെ ഉള്‍ക്കൊള്ളാന്‍ ശാസ്ത്രികള്‍ക്ക് കഴിയുന്നില്ല. അതേസമയം, ബാലു തേവരാകട്ടെ ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നയാളാണ്. ഇത്തരത്തില്‍ പരമ്പരാഗത ബ്രാഹ്മണിക് ചിന്തകളെയും ചെയ്തികളെയുമൊക്കെ ചിത്രം നല്ല രീതിയില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്.

വലിയ എതിര്‍പ്പുകള്‍ വരുമെന്ന് അറിഞ്ഞിട്ടും, ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യുന്ന പ്രമേയത്തെ സധൈര്യം അവതരിപ്പിക്കുകയായിരുന്നു ഭാരതിരാജ. ഒരുപക്ഷേ, ജാതിശ്രേണിയെ ചോദ്യം ചെയ്തുകൊണ്ടൊരു സിനിമ എടുക്കാന്‍, അക്കാലത്ത് ഒരു ചലച്ചിത്രകാരനും തയ്യാറാകുമായിരുന്നില്ല. വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നേ പ്രശ്നങ്ങള്‍ ആരംഭിച്ചു. ചിത്രം ബ്രാഹ്മണവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്തെത്തി. ചിത്രം സെന്‍സര്‍ ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചു. സീനുകള്‍ വെട്ടിക്കളയണം, അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാനാവില്ലെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. എന്താണ് പ്രശ്നമെന്ന് പറയാന്‍ ഭാരതിരാജ ആവശ്യപ്പെട്ടെങ്കിലും, 'മുകളില്‍ നിന്നുള്ള ഉത്തരവാണെന്ന്' പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് കൈമലര്‍ത്തി.

ചിത്രം നിരോധിക്കപ്പെട്ടേക്കാമെന്ന സ്ഥിതിയായി. ഇക്കാര്യം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ അറിഞ്ഞു. അദ്ദേഹം ഭാരതിരാജയെ കാണാനെത്തി. എന്താണ് പ്രശ്നം എന്ന് ചോദിച്ചു. കാര്യങ്ങള്‍ കേട്ടശേഷം, ചിത്രം തനിക്കൊന്നു കാണണമെന്ന് എംജിആര്‍ അറിയിച്ചു. അങ്ങനെ എവിഎം തീയേറ്ററില്‍ എംജിആറിനായി ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രം കണ്ട എംജിആർ ഭാരതിരാജയോട് റിലീസ് തീയതി തീരുമാനിച്ചുകൊള്ളാൻ പറഞ്ഞു. ഭാരതി രാജയും കൂട്ടാളികളും റിലീസിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോയി. ഭാരതിരാജ ഡല്‍ഹിയില്‍ ശാസ്ത്രിഭവനില്‍ നേരിട്ടെത്തി. സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരെ കണ്ട് കാര്യം അന്വേഷിച്ചു. "രണ്ടു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ഫിലിം പെട്ടി കത്തിക്കും, തമിഴ്നാട്ടിലെ പ്രശ്നങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളൂ" എന്നൊരു മുന്നറിയിപ്പും നല്‍കി. ഇതോടെ പരിഭ്രാന്തരായ ഉദ്യോഗസ്ഥര്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

ചിത്രം തീയേറ്ററില്‍ എത്തിയെങ്കിലും, ബ്രാഹ്മണ സംഘടനകള്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയില്ല. ചിത്രത്തിന് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മൈലാപ്പൂര്‍ ബ്രാഹ്മണ അസോസിയേഷന്‍ കോടതിയെ സമീപിച്ചു. ഒരു നിരീശ്വരവാദിയുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിലെ രംഗങ്ങളും സംഭാഷണങ്ങളും ജനങ്ങളുടെ, പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ചിത്രത്തിന്റെ അവസാനം പൂണൂൽ പൊട്ടിച്ച് പുഴയില്‍ എറിയുന്ന രംഗവും, പൂണൂൽ ആവശ്യമില്ലെന്ന സംഭാഷണവും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് സംവിധായകൻ ഭാരതിരാജയെ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്ന് ഹര്‍ജി.

പക്ഷേ, ഇതൊന്നും ചിത്രത്തിന്റെ വിജയക്കുതിപ്പിനെ ബാധിച്ചില്ല. ചിത്രം ഡ്യൂപര്‍ ഹിറ്റായി. അദര്‍ സോഷ്യല്‍ ഇഷ്യൂസ് കാറ്റഗറിയില്‍ മികച്ച ചിത്രത്തിനും, മികച്ച എഡിറ്റിങ്ങിനുമുള്ള ദേശീയ പുരസ്കാരം 'വേദം പുതിത്' സ്വന്തമാക്കി. ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ തമിഴിലെ മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ പുരസ്കാരങ്ങളും നേടി.

SCROLL FOR NEXT