കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർബുദത്തോടുള്ള പോരാട്ടത്തിലാണ് പ്രശസ്ത ബോളിവുഡ് നടി നഫീസ അലി. 2018ലാണ് നടിക്ക് പെരിറ്റോണിയല്‍ , അണ്ഡാശയ കാന്‍സർ ആണെന്ന് സ്ഥിരീകരിക്കുന്നത്. അതിനു ശേഷം തുടർച്ചയായി ചികിത്സകളിലൂടെ കടന്നുപോകുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് താനിപ്പോള്‍ പെരിറ്റോണിയല്‍ കാന്‍സറിന്റെ നാലാം സ്റ്റേജിലാണെന്ന് നഫീസ അലി ആരാധകരെ അറിയിച്ചത്. ഈ ഘട്ടത്തില്‍ സർജറി സാധ്യമല്ലെന്നും കീമോതെറാപ്പി പുനഃരാരംഭിക്കാന്‍ പോകുകയാണെന്നും നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു.
കാന്‍സർ യാത്രയില്‍ പലർക്കും പ്രചോദനമാണ് നഫീസ അലിയുടെ ജീവിതം. ധൈര്യത്തോടെയാണ് നടി തന്റെ രോഗത്തെ നോക്കിക്കാണുന്നത്. 'പോസിറ്റീവ് പവർ' എന്ന അടിക്കുറിപ്പോടെ നഫീസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. കീമോതെറാപ്പിയുടെ പാർശ്വഫലമായി മുടി പൂർണമായി കൊഴിഞ്ഞശേഷമുള്ള ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രത്തില്‍ കാമറയില്‍ നോക്കി ചിരിക്കുന്ന നഫീസയെ കാണാം.
കാന്‍സറിന്റെ നാലാം സ്റ്റേജിലാണ് എന്ന് പരസ്യമാക്കിയപ്പോള്‍ തന്നെ താന്‍ കടന്നുപോകുന്ന ചികിത്സയെപ്പറ്റിയും നഫീസ വിശദമായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നതായി വെളിപ്പെടുത്തിയ നടി, ചീർപ്പില്‍ കുരുങ്ങിയ മുടിയുടെ ചിത്രവും പങ്കുവച്ചു. ആ ചിത്രത്തിനും രസകരമായ അടിക്കുറിപ്പാണ് നഫീസ നല്‍കിയിരുന്നത്. 'വൈകാതെ ഞാന്‍ മൊട്ടയായി പോകും' എന്നാണ് നടി കുറിച്ചത്.
1976ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തക, ദേശീയ നീന്തല്‍ താരം എന്നീ നിലകളിലും പ്രശസ്തയാണ്. കാന്‍സറാണെന്ന നടിയുടെ വെളിപ്പെടുത്തല്‍ ആരാധകരില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. മമ്മൂട്ടി നായകനായ അമല്‍ നീരദ് ചിത്രം 'ബിഗ് ബി'യിലെ മേരി ജോണ്‍ കുരുശിങ്കല്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നഫീസ അലി.