പാണ്ഡ്യൻ 
ENTERTAINMENT

പ്രശസ്ത ചലച്ചിത്ര മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വ'മാണ് പാണ്ഡ്യന്റെ അവസാന ചിത്രം

Author : ന്യൂസ് ഡെസ്ക്

മുതിർന്ന ചലച്ചിത്ര മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വ'മാണ് അവസാന ചിത്രം.

നടന്‍ സത്യന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായിട്ടാണ് മലയാള സിനിമയിലേക്ക് എത്തിയത്. പ്രശസ്ത ഛായാഗ്രാഹകന്‍ ജെ. വില്യംസിന്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം അതിനിടെ തമിഴില്‍ അസ്സിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

1972ൽ ഇറങ്ങിയ 'പുള്ളിമാൻ' എന്ന ചിത്രത്തിലൂടെയാണ് മേക്കപ്പ് അസിസ്റ്റന്റ് ആകുന്നത്. 1978ല്‍ ജെ. വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത 'മദാലസ'യിലൂടെ സ്വതന്ത്ര മേക്കപ്പ്മാനായി. എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ നായക നടന്മാർക്ക് ചമയമിട്ടു. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ 'കുറുക്കന്റെ കല്യാണം' മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ.

2001ല്‍ കമല്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലൂടെ മികച്ച ചമയത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.

SCROLL FOR NEXT